ന്യൂദല്‍ഹി- തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥി ശര്‍ജീല്‍ ഇമാമിനെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നത്.
പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ദേശദ്രോഹ കുറ്റംചുമത്തി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറുകള്‍ ഒരുമിച്ചാക്കണമെന്ന ശര്‍ജീല്‍ ഇമാമിന്റെ ഹരജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇമാമിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് സമയം ചോദിച്ചതിനാലാണ് വാദം കേള്‍ക്കല്‍ നീട്ടുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍.എസ്. റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത അഞ്ച് സംസ്ഥാനങ്ങളുടേയും മറുപടി ലഭിക്കാതെ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജൂണ്‍ 19-ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രതികരണമുണ്ടായിട്ടില്ല. മേയ് 26 ന് കേസ് പരിഗണിച്ചപ്പോള്‍ യു.പി, അസം, അരുണചല്‍പ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍നിന്ന് മറുപടി തേടിയ കോടി ദല്‍ഹി സര്‍ക്കാരിന് മറുപടി ഫയല്‍ ചെയ്യാന്‍ മറ്റൊരു അവസരം കൂടി നല്‍കുകയായിരുന്നു. മേയ് ഒന്നിനു സുപ്രീം കോടതി ദല്‍ഹി സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരായ എല്ലാ കേസുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്നും ക്രിമിനല്‍ കേസുകള്‍ ഒറ്റ ഏജന്‍സി അന്വേഷിക്കണമെന്നുമായിരുന്നു ശര്‍ജീല്‍ ഇമാമിന്റെ ആവശ്യം. ദല്‍ഹിയിലും അലീഗഡിലും നടത്തിയ രണ്ട് പ്രസംഗങ്ങളുടെ പേരിലാണ് അഞ്ച് സംസ്ഥാനങ്ങള്‍ വെവ്വേറെ കേസെടുത്തതെന്ന് ശര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എല്ലാ എഫ്.ഐ.ആറുകളിലും രാജ്യദ്രോഹമാണ് ആരോപിച്ചിരിക്കുന്നത്. ദല്‍ഹി പോലീസ് കിരാത നിയമമായ യു.എ.പി.എയും ചുമത്തിയെന്ന് അദ്ദേഹം ബോധിപ്പിച്ചിരുന്നു. ബിഹാറിലെ ജഹനാബാദില്‍വെച്ച് ദല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് ജനുവരി 28നാണ് അറസ്റ്റ് ചെയ്തത്. ദല്‍ഹി ജാമിഅ മില്ലിയയിലും അലീഗഡിലും പ്രകോപന പ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം.
ജെ.എന്‍.യുവിലെ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായ ശര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 13-ന് ജാമിഅ മില്ലിയയിലും ജനുവരി 16-ന് അലീഗഡിലും നടത്തിയ പ്രസംഗങ്ങളായിരുന്നു ഇവ. സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതസൗഹാര്‍ദവും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പോലീസ് ജനുവരി 25-ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
മുംബൈ ഐ.ഐ.ടിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കയ ശര്‍ജീല്‍ ഇമാം ജെ.എന്‍.യു ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷണത്തിനായാണ് ദല്‍ഹിയിലെത്തിയത്.