ന്യൂദല്‍ഹി- ഇന്ത്യയില്‍ ഫേസ്ബുക്കില്‍ പരസ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന പാര്‍ട്ടി ബിജെപി എന്ന് കണക്കുകള്‍. സാമൂഹിക വിഷയങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ ഗണങ്ങളിലായി 2019 ഫെബ്രവരി മുതല്‍ 18 മാസത്തിനിടെ ബിജെപി 4.61 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കിനു നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ചെലവിട്ടത് 1.84 കോടി രൂപ മാത്രം. ഓഗസ്റ്റ് 24 വരെയുള്ള കണക്കുകളാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പരസ്യം ചെയ്യുന്ന ആദ്യത്തെ 10 അക്കൗണ്ടുകളില്‍ നാലും ബിജെപിയുമായി ബന്ധമുള്ളവയാണ്.
ഇവയില്‍ മൂന്ന് പരസ്യദാതാക്കളുടേയും വിലാസം ദല്‍ഹിയിലെ ബിജെപി ആസ്ഥാനമാണ്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി (1.39 കോടി), ഭാരത് കി മന്‍ കി ബാത്ത് (2.24 കോടി), ന്യൂസ് ആന്റ് മീഡിയ വെബ്‌സൈറ്റ് എന്നു വിശേഷിപ്പിക്കുന്ന നേഷന്‍ വിത്ത് നമോ (1.28 കോടി, ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയും സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് എന്ന സ്ഥാപന ഉടമയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധമുള്ള ഒരു പേജും (65 ലക്ഷം) ആണ് വന്‍തോതില്‍ പണം മുടക്കി ഫേസ്ബുക്കില്‍ പരസ്യം ചെയ്ത ബിജെപി ബന്ധമുള്ള അക്കൗണ്ടുകള്‍. ഇവരെല്ലാം കൂടി ഫേസ്ബുക്കിന് നല്‍കിയ പരസ്യ ഫീസ് 10.17 കോടി രൂപയാണ്. അതായത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയ 10 അക്കൗണ്ടുകളുടെ മൊത്തം ചെലവിന്റെ 64 ശതമാനം വരുമിത്. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തേതുള്‍പ്പെടെയുള്ള കണക്കുകളാണിത്.
ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ വിദ്വേഷ പോസ്റ്റുകളെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവരം പുറത്തു വന്നതിനു പിന്നാലെയാണ് ഈ കണക്കുകളും പുറത്തു വരുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യരുതെന്നും അത് ബിസിനസിനെ ബാധിക്കുമെന്നും ഇന്ത്യയിലെ ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയന്നെ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് വിവാദത്തിന് തിരികൊളുത്തിയിരുന്നു.