ന്യൂദല്‍ഹി-മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ തന്റെ കുടുംബത്തെ സന്ദര്‍ശിച്ച മദര്‍ തെരേസ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെ ക്ഷണിച്ചുവെന്ന് ഓര്‍മകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മദര്‍ തെരേസയുടെ 110ാം ജന്മവാര്‍ഷികത്തിലാണ് പ്രിയങ്ക ഓര്‍മകള്‍ പങ്കുവച്ചത്. പഴയ കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. 'എന്റെ പിതാവ് കൊല്ലപ്പെട്ടതിനുശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നിരുന്നു. എനിക്കു പനി ഉണ്ടായിരുന്നു. അവര്‍ എന്റെ കട്ടിലില്‍ ഇരുന്ന് കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു, എന്നോടൊപ്പം വരൂ, ഒരുമിച്ചു പ്രവര്‍ത്തിക്കാം. ഞാന്‍ വര്‍ഷങ്ങളോളം അങ്ങനെ ചെയ്തു. നിസ്വാര്‍ഥ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പാത എന്നെ തുടര്‍ന്നും കാണിക്കുന്ന, എല്ലാ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റര്‍മാരുടെയും സൗഹൃദത്തിന് നന്ദി', പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.