നെടുമ്പാശ്ശേരി- കിണറിന് സമീപം ഉറങ്ങുന്നതിനിടെ കിണറ്റില്‍ വീണയാളെ അങ്കമാലി അഗ്‌നി രക്ഷാ സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി. സൗത്ത് അടുവാശ്ശേരി കുണ്ടൂര്‍ വീട്ടില്‍ രഘുനാഥന്‍പിള്ളയാണ് (62) അപകടത്തില്‍പ്പെട്ടത്. ചെങ്ങമ്മനാട് പോലീസ് സ്‌റ്റേഷന് സമീപം കോയിക്കക്കടവ് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ ബുധനാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.
25 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ കുഴല്‍ കിണറും സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍ കിണറിന്റെ പൈപ്പില്‍ വീണ് കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ അറിയിച്ച പ്രകാരം പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ കയര്‍ എറിഞ്ഞ് കൊടുത്തെങ്കിലും അവശനിലയിലായ രഘുനാഥന് കയറില്‍ പിടിക്കാനായില്ല. തുടര്‍ന്നാണ് അങ്കമാലി അഗ്‌നിരക്ഷ സേനയെത്തി കിണറ്റിലിറങ്ങി വലയിലിരുത്തിയാണ് കരക്കു കയറ്റിയത്. നടുവിനും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റ രഘുനാഥനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കമാലി ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ഡിബിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍മാരായ എം.വി. വില്‍സണ്‍, അനില്‍ മോഹന്‍, എസ്. സച്ചിന്‍, ടി.ആര്‍. റെനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.