Sorry, you need to enable JavaScript to visit this website.

നീറ്റ്, ജെ.ഇ.ഇ പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ വർഷം നഷ്ടമാകാതിരിക്കാനെന്ന് വിശദീകരണം

ന്യൂദൽഹി- കോവിഡ് മഹാമാരിക്കിടയിലും ജെ.ഇ.ഇ/നീറ്റ് പരീക്ഷകൾ നടത്തുന്നത് ഒരു അക്കാദമികവർഷം നഷ്ടമാകുന്നത് ഒഴിവാക്കാനാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കോവിഡിനിടെ വിദ്യാർത്ഥികളെ അപകടത്തിലാക്കുന്ന തീരുമാനമെടുക്കുന്നുവെന്നാരോപിച്ച് വിവിധ സംസ്ഥാനങ്ങൾ രംഗത്തു വന്നതിനു പിന്നാലെയാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളും പരീക്ഷാനടത്തിപ്പിന് സഹകരിക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ ജില്ലാതിർത്തികളിലും യാത്രകൾക്ക് ഇളവ് നൽകണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു. 

അഡ്മിറ്റ് കാർഡുകൾ നൽകിയ ശേഷമാണ് പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യമുയർന്നതെന്ന് എൻ.ടി.എ പറയുന്നു. പരീക്ഷ മാറ്റി വെക്കരുതെന്ന് ആവശ്യപ്പെട്ട് വളരെയധികം പേർ സമീപിക്കുന്നുണ്ട്. രണ്ട്കൂട്ടർക്കും അവരവരുടേതായ വ്യക്തിപരമായ കാരണങ്ങൾ പറയാനുണ്ട്. എൻടിഎയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ വിദ്യാർത്ഥികളുടെ താൽപര്യത്തിനാണ് മുൻതൂക്കം. ഇക്കാരണത്താൽ സെപ്തംബറിൽ പരീക്ഷ നിശ്ചയിച്ചിരിക്കുകയാണെന്ന് എൻ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. 
സെപ്തംബർ 1 മുതൽ രാജ്യം അൺലോക്ക് പ്രക്രിയയുടെ നാലാംഘട്ടത്തിലേക്ക് കടക്കും. കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും. വിദ്യാർത്ഥികളുടെ അക്കാദമിക് കരിയറിനെ മോശമായി ബാധിക്കുമെന്നും എൻ.ടി.എ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയുടെ പകർച്ച ഗുരുതരമായി തുടരുന്ന സാഹചര്യത്തിനിടയിലും മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ എതിർത്ത് ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാർ ഇന്ന് യോഗം ചേർന്നിരുന്നു. ഈ നീക്കത്തെ ഒന്നിച്ചെതിർക്കണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞത്. മുഖ്യമന്ത്രിമാർ സുപ്രീംകോടതിയിൽ പോകണമെന്നും ജോയിന്റ് എൻട്രൻസ് എക്‌സാം, നാഷണൻ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് എന്നിവ മാറ്റി വെക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വിളിച്ചുചേർത്തതായിരുന്നു യോഗം.

Latest News