വാഷിങ്ടണ്‍- ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കല മെഡല്‍ നേടിയ മുന്‍ ദേശീയ ഷോട്ട്പുട്ട് താരം ഇഖ്ബാല്‍ സിങ് അമേരിക്കയില്‍ ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി. ഇരുവരേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇഖ്ബാല്‍ സിങ് മകനെ വിളിച്ചു പോലീസിനെ വിവരമറിയിക്കാന്‍ പറയുകയായിരുന്നു. വിവരമറിഞ്ഞ് പെന്‍സില്‍വാനിയയിലെ ഡെലവെയര്‍ കൗണ്ടിയിലെ വീട്ടിലെത്തിയ പോലീസ് സ്വയം മുറിവേല്‍പ്പിച്ച് ചോരയില്‍ കുളിച്ചു നില്‍ക്കുന്ന നിലയിലായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ ഇഖ്ബാല്‍ സിങിന്റെ അമ്മ നസീബ് കൗര്‍ നിലത്ത് കഴുത്തറുക്കപ്പെട്ട് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഭാര്യ ജസ്പാല്‍ കൗറിന്റെ മൃതദേഹം സമാനരീതില്‍ മുകള്‍ തട്ടിലാണ് കണ്ടെത്തിയത്. അറസ്റ്റിലായ ഇഖ്ബാല്‍ സിങിന് കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചു.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. പ്രതിക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമോ ബന്ധങ്ങളോ ഇല്ലെന്നും സംഭവം നിഗൂഢതകള്‍ നിറഞ്ഞതാണെന്നും ഡിസ്ട്രിക്ട് അറ്റോണി ജാക്ക് സ്റ്റോള്‍സ്റ്റൈമര്‍ പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം മകനെ വിളിച്ച് അമ്മയേയും മുത്തശ്ശിയേയും കൊന്നുവെന്നും പോലീസിനെ അറിയിക്കൂവെന്നും ഇഖ്ബാല്‍ സിങ് തന്നെ ഫോണില്‍ പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇഖ്ബാല്‍ സിങ്.
1983ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയ്ക്കു വേണ്ടി ഇദ്ദേഹം വെങ്കല മെഡല്‍ നേടിയത്.