ന്യൂദല്‍ഹി- നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാക്കാനും അഭിപ്രായഐക്യം ഉണ്ടാക്കാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രത്തിനെതിരെ ഒന്നിച്ചു പൊരുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ പൊരുതണോ അതോ അവരെ പേടിച്ചിരിക്കണോ എന്നു നാം തീരുമാനിക്കണം. കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ തന്നെയാണ് നമ്മേയും തെരഞ്ഞെടുത്തത്. നാം എന്തെങ്കിലും ചെയ്താല്‍ അത് പാപവും അവര്‍ എന്തെങ്കിലും ചെയ്താല്‍ അത് പുണ്യവുമാകുന്നത് എങ്ങനെ? ഉദ്ധവ് ചോദിച്ചു.
യോഗത്തില്‍ ഏഴു പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. മമതയ്ക്കും ഉദ്ധവിനും പുറമെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, ഭുപേഷ് ഭാഗേല്‍, അശോക് ഗെലോട്ട്, വി നാരായണസ്വാമി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവരും പങ്കെടുത്തു. നീറ്റ്, ജെഇഇ പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതി സമീപിക്കണമെന്ന ആവശ്യത്തെ എല്ലാവരും പിന്തുണച്ചു.