Sorry, you need to enable JavaScript to visit this website.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ആള്‍ക്കൂട്ട മര്‍ദനം; പ്രസ് കൗണ്‍സില്‍ വിശദീകരണം തേടി

ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിലെ ഇരകളെ കുറിച്ച് വാര്‍ത്ത തയാറാക്കാനത്തിയ കാരവന്‍ മാഗസിനിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ സ്വമേധയാ നടപടി സ്വീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു.
ഓഗസ്റ്റ് 11-ന് നടന്ന സംഭവത്തില്‍ ദല്‍ഹിയിലെ ചീഫ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവരില്‍നിന്നാണ് വിശദീകരണം തേടിയത്.
പത്രപ്രവര്‍ത്തകരെ ജനക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് ഒരു വനിതാ റിപ്പോര്‍ട്ടര്‍ അടക്കമുള്ളവരെ ജനക്കൂട്ടം വളഞ്ഞ് മര്‍ദിച്ചത്.
പ്രഭ്ജീത് സിംഗ്, ഷാഹിദ് താന്‍ത്രേ എന്നിവര്‍ക്കുപുറമെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയേയും കൈയേറ്റം ചെയ്തിരുന്നു. പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ഭജന്‍പുര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.
ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തിലാണ് അക്രമമുണ്ടായതെന്ന് കാരവന്‍ മാഗസിന്‍ അധികൃതര്‍ നേരത്തെ  ആരോപിച്ചിരുന്നു.
ദല്‍ഹി കലാപത്തിലെ ഇരകളെക്കുറിച്ച് വാര്‍ത്ത തയാറാക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ദുരനുഭവമുണ്ടായത്. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ സുഭാഷ് മൊഹല്ല പരിസരത്ത് വെച്ച് ഒരു കൂട്ടം ആളുകള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി എന്ന ബാഡ്ജ് ധരിച്ചെത്തിയ വ്യക്തിയുടെ നേതൃത്വത്തിലാണ് കൈയ്യേറ്റമുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. ഷാഹിദ് താന്‍ത്രേയുടെ ഐ.ഡി കാര്‍ഡ് നോക്കി വംശീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.  വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പകര്‍ത്തി. മധ്യവയസ്‌കനായ വ്യക്തി സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും പരാതി ഉണ്ടായിരുന്നു.  
പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ദഹി കലാപത്തെക്കുറിച്ച് കാരവന്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കലാപത്തിന് പിന്നിലുള്ള രാഷ്ട്രീയമടക്കം വിശദീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനോടുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് മാഗസിന്‍ ആരോപിക്കുന്നത്.

 

Latest News