ന്യൂദല്‍ഹി- പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി തുര്‍ക്കിയില്‍ പോയ ബോളിവുഡ് താരം ആമിര്‍ ഖാന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രസിഡന്റ് എര്‍ദുഗാന്റെ ഭാര്യ എമിനെ എര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യ. 'മതേതരനായ' ആമിര്‍ ഖാന്‍ എന്തുകൊണ്ടാണ് ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ വാദങ്ങളെ പിന്തുണയ്ക്കുന്ന തുര്‍ക്കിയെ ഷൂട്ടിങിനായി തിരഞ്ഞെടുത്തത് എന്ന് എഡിറ്റോറിയലില്‍ പത്രം ചോദിക്കുന്നു. അഞ്ചാറു വര്‍ഷമായി ഉറി-ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക പോലുള്ള രാജ്യസ്‌നേഹ സിനിമകള്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ ചില അഭിനേതാക്കള്‍ സ്വന്തം രാജ്യത്തേക്കാള്‍ ഇഷ്ടപ്പെടുന്നത് ചൈന, തുര്‍ക്കി തുടങ്ങിയ എതിര്‍ രാജ്യങ്ങളേയാണെന്നും ആമിറിനെ ഉന്നമിട്ട് പത്രം ആരോപിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയില്‍ ഷൂട്ടിങ് മുടങ്ങിയതിനെ തുടര്‍ന്ന് പുതിയ ചിത്രമായ ലാല്‍ സിങ് ഛത്തയുടെ ചിത്രീകരണത്തിനാണ് ആമിറും സംഘവും തുര്‍ക്കിയില്‍ പോയത്. അദ്ദേഹത്തിന് ആരാധകരുടെ ഊഷ്മള വരവേല്‍പ്പും ലഭിച്ചു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പ്രഥമ വനിത എമിനെ എര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയത്. ചിത്രങ്ങല്‍ സഹിതം ഇക്കാര്യം എമിനെയാണ് ട്വീറ്റ് ചെയ്തതും.
മതേതരനാണ് എന്നാണ് ആമിര്‍ സ്വയം വിശേഷിപ്പിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് അദ്ദേഹം തുര്‍്ക്കിയില്‍ ഷൂട്ടിങ്ങിനു പോയി? കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനൊപ്പമാണ് ആ രാജ്യം. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതു കാരണം ഇവിടെ ജീവിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഭാര്യ പറഞ്ഞതായുള്ള ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍ ജനം മറന്നിട്ടില്ലെന്നും പത്രം മുന്നറിയിപ്പു സ്വരത്തില്‍ പറയുന്നു.
ചൈനയില്‍ ആമിറിന്റെ സിനിമകള്‍ക്ക് വന്‍ജപ്രീതി നേടുന്നതിലെ അമര്‍ഷമാണ് ലേഖനത്തിലുടനീളം പ്രകടിപ്പിക്കുന്നത്. ആമിറിന്റെ സിനിമകള്‍ ചൈനയില്‍ നന്നായി ഓടുന്നത് കൊണ്ട് ഇന്ത്യയില്‍ അദ്ദേഹം ചൈനീസ് ഉല്‍പ്പന്നങ്ങളെ പിന്തുണച്ച് കോടികള്‍ നേടുന്നു. അദ്ദേഹത്തിന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം ചൈനയില്‍ നിന്ന് 810 കോടി രൂപയാണ് ഉണ്ടാക്കിയതെന്നും ലേഖനത്തിലുണ്ട്.