ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം സെപ്തബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ആയേക്കുമെന്ന് റിപോര്‍ട്ട്. അകലം പാലിച്ചുള്ള സീറ്റ് ക്രമീകരണം, ഇരു സഭകള്‍ക്കും വ്യത്യസ്ത സമയക്രമം, എംപിമാര്‍ക്കായി വലിയ സ്‌ക്രീനുകള്‍ തുടങ്ങി കോവിഡ് മുന്‍കരുതലോടെ നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമായിരിക്കും ഇത്. അവധിയില്ലാതെ 18 സിറ്റിങ്ങുകള്‍ സമ്മേളനത്തിലുണ്ടാകും. തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. തിരക്കിട്ട തയാറെടുപ്പുകളാണ് പാര്‍ലമെന്റില്‍ ഇപ്പോള്‍ നടന്നു വരുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനു പുതിയ ക്രമീകരണങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. രാജ്യസഭയില്‍ അംഗങ്ങള്‍ ചേംബറുകളിലും ഗാലറികളിലുമായിട്ടായിരിക്കും ഇരിക്കുക എന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. 60 അംഗങ്ങള്‍ ചേംബറുകളിലും 51 അംഗങ്ങള്‍ ഗാലറിയിലും ബാക്കി 132 എംപിമാര്‍ ലോക്‌സഭാ ചേംബറിലുമായിട്ടായിരിക്കും ഇരിക്കുക. ലോക്‌സഭാ സെക്രട്ടറിയേറ്റും സമാന സീറ്റു ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ പാര്‍ലമെന്റിനകത്ത് ഉപയോഗിക്കുന്നതും ആദ്യമായാണ്.
ഇരു സഭകളും ഒരേ സമയം സമ്മേളനം ചേരുന്നതാണ് പതിവെങ്കിലും ഇത്തവണ പ്രത്യേക സമയക്രമം നിശ്ചയിച്ചാണ് സമ്മേളനം. ഇതു ആദ്യമായാണ്. ഒരു സഭ രാവിലേയും ഒരു സഭ ഉച്ചയ്ക്കു ശേഷവും എന്ന രീതിയിലായിരിക്കും സമ്മേളനം. കോവിഡ് വ്യാപനം തുടങ്ങിയതിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ മാര്‍ച്ച് 23നാണ് പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. ചട്ട പ്രകാരം സഭ പിരിഞ്ഞ് ആറു മാസത്തിനകം അടുത്ത സമ്മേളനം ചേരേണ്ടതുണ്ട്.
സമ്മേളന തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ജൂലൈ 17ന് രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ലയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് എംപിമാര്‍ക്ക് ചേംബറിലും ഗാലറിയിലും ഇരിക്കാനുള്ള ക്രമീകരണങ്ങളൊരുക്കാന്‍ തീരുമാനമായത്. പുതിയ സജ്ജീകരണങ്ങളൊരുക്കി ട്രയലും റിഹേഴ്‌സലും അന്തിമ പരിശോധനയും നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിക്കുക. എല്ലാ തയാറെടുപ്പുകള്‍ ഓഗസ്റ്റ് മൂന്നാം വാരത്തോടെ പൂര്‍ത്തിയാക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.