ന്യുദല്‍ഹി - സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ലോകത്തെ വന്‍ നഗരങ്ങളില്‍ ദല്‍ഹിയും. ബ്രസീല്‍ നഗരമായ സാവോ പോളോയ്‌ക്കൊപ്പമാണ് ഈ പട്ടികയില്‍ ദല്‍ഹി ഇടം നേടിയത്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ വോട്ടെടുപ്പിലാണ് ദല്‍ഹിക്ക് ഈ പേരുദോഷം. സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടക്കാന്‍ സാധ്യത ഏറെയുള്ള നഗരങ്ങളെയാണ് ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്നുള്ള, സ്ത്രീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന 380 വിദഗ്ദരെ പങ്കെടുപ്പിച്ചാണ് ഈ സര്‍വേ നടത്തിയത്. പട്ടികയില്‍ ഉള്‍പ്പെട്ട 19 നഗരങ്ങളില്‍ ദല്‍ഹിയും ബ്രസീല്‍ നഗരമായ സാവോ പോളോയുമാണ് ഏറ്റവും ഒടുവിലെത്തിയത്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച നഗരം ഈജിപ്ത് തലസ്ഥാനമായ കൈറോ ആണെന്നെന്ന് സര്‍വെ പറയുന്നു. മെക്‌സിക്കോ സിറ്റി, ധാക്ക എന്നീ നഗരങ്ങളാണ് തുടര്‍ന്നു വരുന്നത്. ലൈംഗികാതിക്രമം ഏറ്റവും കുറവുള്ള നഗരം ടോക്യോ ആണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്ര സാധ്യതയ്ക്കു പുറമെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യത, സ്ത്രീകളുടെ സാമ്പത്തികാവസരങ്ങള്‍ എന്നിവയും പഠന വിധേയമാക്കി.
അഞ്ചു വര്‍ഷം മുമ്പ് നടന്ന ഏറെ കോളിളക്കമുണ്ടാക്കിയ ബലാല്‍സംഗക്കൊലക്കേസാണ് ദല്‍ഹിക്ക് ലോകത്തൊട്ടാകെ ദുഷ്‌പേരുണ്ടാക്കിയത്. സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമം കടുപ്പിക്കുന്നതിനും സ്ത്രീകളുടെ അവകാശം സംരക്ഷണത്തിനും ഇന്ത്യയില്‍ നിര്‍ണായക മാറ്റത്തിനിടയാക്കിയ 2012ലെ ദല്‍ഹി പീഡനം കാരണമായിരുന്നു. 23കാരിയായ വിദ്യാര്‍ത്ഥിയെ ബസില്‍ ബലാല്‍സംഗം ചെയ്ത ഈ സംഭവത്തിനെതിരെ ദല്‍ഹിയില്‍ മാത്രമല്ല രാജ്യത്തുടനീളം വലിയ പ്രതിഷേധവുമായണ് ജനം തെരുവിലിറങ്ങിയത്. ഈ സംഭവത്തെ തുടര്‍ന്ന് ബലാല്‍സംഗക്കേസുകള്‍ക്ക് അതിവേഗ കോടതികളും ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനു ഫണ്ടും മറ്റും സ്ഥാപിക്കപ്പെട്ടു. ലൈംഗികാതിക്രമങ്ങളെ കുറിച്ച് സമൂഹത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കി.