റായ്പൂർ - ആധാർ നമ്പർ ഉൾപ്പെടുത്തിയ റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഭക്ഷ്യധാന്യം നിഷേധിക്കപ്പെട്ട കുടുംബത്തിലെ 11 വയസ്സുള്ള പെൺകുട്ടി പട്ടിണി മൂലം മരിച്ചു. ബിജെപി ഭരിക്കുന്ന ജാർഖണ്ഡിലെ സിംദെഗ ജില്ലയിൽ രണ്ടാഴ്ച മുമ്പു നടന്ന സംഭവം ഇപ്പോഴാണ് പൗരാവകാശ പ്രവർത്തകർ പുറത്തു കൊണ്ടുവന്നത്. റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധപ്പെടുത്താത്തതിന്റെ പേരിൽ ഈ കുടുംബത്തിന് റേഷൻ നൽകുന്നത് മാസങ്ങൾക്കു മുമ്പ് നിർത്തിയിരുന്നു. സ്‌കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണമായിരുന്നു സന്തോഷി കുമാരി എന്ന പെൺകുട്ടിയുടെ പ്രധാന ആഹാരം. എന്നാൽ കഴിഞ്ഞ ആഴ്ചകളിലെ ദുർഗാ പൂജാ അവധി ദിനങ്ങളിൽ സ്‌കൂൾ ഇല്ലാതിരുന്നതിനാൽ ഈ ഭക്ഷണവും ലഭിച്ചില്ല. എട്ടു ദിവസത്തോളം കാര്യമായ ഭക്ഷണമൊന്നും ലഭിക്കാതെ പട്ടിണി കിടന്ന ഈ പെൺകുട്ടി സെപ്തംബർ 28നാണ് മരിച്ചത്.
സിംദെഗ ജില്ലയിലെ കരിമതി ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ അംഗമാണ് സന്തോഷി. ഇവർക്ക് സ്വന്തമായി ഭൂമിയോ നിത്യചെലവിനുള്ള വരുമാനമോ ഇല്ല. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷന് യോഗ്യതയുണ്ടായിരുന്നു. എന്നാൽ പൗരാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ റേഷൻ കടക്കാരൻ ആറു മാസം മുമ്പ് ഇവർക്ക് റേഷൻ നൽകുന്നത് നിർത്തിവച്ചിരുന്നതായി കണ്ടെത്തി. ആധാർ നമ്പർ റേഷൻ കാർഡിൽ ഉൾപ്പെടുത്താത്തതായിരുന്നു കാരണം. ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന റൈറ്റ് റ്റൂ ഫൂഡ് ക്യാമ്പയിൽ എന്ന പൗരാവകാശ സംഘടനയാണ് ഈ സംഭവത്തിൽ വസ്തുതാന്വേഷണം നടത്തി ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു കൊണ്ടു വന്നത്.
റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തിന് ആധാർ നിർബന്ധമാക്കി ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് റേഷൻ കടക്കാരൻ സന്തോഷിയുടെ കുടുംബത്തിന് അർഹതപ്പെട്ട ഭക്ഷ്യധാന്യം നൽകാതിരുന്നത്. ജർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി ദിരദ്രർക്ക് അർഹതയുണ്ടായിട്ടു പോലും ഈ കാരണം ചൂണ്ടിക്കാട്ടി റേഷൻ നിഷേധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
2013-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ നഗ്‌നമായ ലംഘനമാണിതെന്ന് പൗരാവകാശ സംഘടകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനൂകൂല്യ വിതരണത്തിന്, പ്രത്യേകിച്ച് റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ഈ ഉത്തരവ് നിലനിൽക്കെയാണ് ജാർഖണ്ഡിലെ ബിജെപി സർക്കാർ റേഷൻ വിതരണത്തിന് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ജാർഖണ്ഡിൽ ഇത് കർശനമാണ്. നവംബറിനു മുമ്പ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത മുഴുവൻ കുടുംബങ്ങളുടേയും റേഷൻ കാർഡുകൾ റദ്ദാക്കുകയും പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് സെപ്തംബർ 30ന് ജില്ലാ പൊതുവിതരണ ഓഫീസർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റേഷൻ നിഷേധിക്കപ്പെട്ട് പട്ടിണിയിലായ സന്തോഷി മരിച്ച് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്.
2.3 കോടി കുടുംബങ്ങൾക്കാണ് ജാർഖണ്ഡിൽ റേഷൻ കാർഡുള്ളത്. ഇവരിൽ 1.7 കോടി കുടുംബങ്ങൾ മാത്രമാണ് തങ്ങളുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സെപ്തംബർ ആദ്യത്തിൽ പൊതുവിതരണ വകുപ്പു സെക്രട്ടറി പറഞ്ഞത് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകളും അധാറുമായി ബന്ധിപ്പിക്കപ്പെട്ടു എന്നായിരുന്നു. ഇതിലുൾപ്പെടാത്ത 11.6 ലക്ഷം പേരുകൾ പട്ടികയിൽ നിന്ന് വെട്ടിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു.