സിഡ്‌നി- ഓസ്‌ട്രേയിലയില്‍ നിന്നും ഇന്തൊനീസ്യയിലേക്കു പറന്നുയര്‍ന്ന് എയര്‍ ഏഷ്യ വിമാനത്തിനകത്തെ വായു സമ്മര്‍ദ്ദം കുറഞ്ഞ് താഴേക്കു കൂപ്പുകുത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. പറന്നുയര്‍ന്ന് 25 മിനിറ്റു ശേഷമാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. 32,000 അടി ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 10,000 അടിയിലേക്ക് താഴ്ത്തുകയും പെര്‍ത്ത് വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയും ചെയ്തു.
വിമാന ജീവനക്കാര്‍ എല്ലാ ഭാഷകളിലുമുള്ള അപകട മുന്നറിയിപ്പ് നല്‍കിയതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകട സൂചനയായി ക്യാബിന്‍ സീലിങ്ങില്‍ നിന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് യാത്രക്കാര്‍ കൂടുതല്‍ പരിഭ്രാന്തരായത്. വിമാനത്തിനകത്തെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സീറ്റ് ബെല്‍റ്റിട്ട് ശരിയായ രീതിയില്‍ ഇരിക്കാന്‍ വിമാനജീവനക്കാര്‍ യാത്രക്കാരോട് വിളിച്ചു പറയുന്നതും കേള്‍ക്കാം. നിരവധി യാത്രക്കാര്‍ മരണം മുന്നില്‍കണ്ട തങ്ങളുടെ അനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചു. പലരും ഫോണെടുത്ത് ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും യാത്രക്കാരെല്ലാം എന്തു ചെയ്യണമെന്നറിയാതെ പതറിയിരുന്നതായും ഓരു യാത്രക്കാരന്‍ പറയുന്നു.
An aviation expert says AirAsia should not be allowed to fly in and out of Australia until it meets safety standards. @DamoNews #9News pic.twitter.com/q7MTxylzRt
— Nine News Australia (@9NewsAUS) October 16, 2017
സാങ്കേതിക തകരാറാണ് കാരമണെന്ന് വ്യക്തമാക്കിയ എയര്‍ ഏഷ്യ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമാപണം നടത്തി. യാത്രക്കാരുടെ സുക്ഷയ്ക്കാണ് തങ്ങള്‍ മുന്തിയ പരിഗണന നല്‍കുന്നതെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഓസ്‌ട്രേലിയയില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജൂണില്‍, പറക്കുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ക്വലാലംപൂരിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യ ഗോള്‍ഡ് കോസ്റ്റ് വിമാനം തിരിച്ചിറക്കിയിരുന്നു. സെപ്തംബറില്‍ യുഎസിലേക്ക് പറക്കുന്നതിനിടെ വിമാന ചിറക് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ക്വന്റാസ് വിമാനം തിരിച്ചിറക്കിയിരുന്നു. ഈ സംഭവം നടന്ന ആഴ്ച തന്നെ ദക്ഷിണാഫ്രിക്കയിലേക്കു പറന്നുയര്‍ന്ന വിമാനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് സിഡ്‌നിയില്‍ തിരിച്ചിറക്കുകയുമുണ്ടായി.