ന്യൂദൽഹി- കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം തള്ളിയാണ് വിഷയത്തിൽ സി.പി.എം നിലപാട് സ്വീകരിച്ചത്. അടുത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനുവരിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയോഗം ഇനിയും ചേരും. ഈ യോഗത്തിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്റെ തീരുമാനം. അതേസമയം, പ്രകാശ് കാരാട്ടിനും അദ്ദേഹത്തെ പിന്തുണക്കുന്ന കേരള ഘടകത്തിനും നിലവിലെ സഹചര്യത്തിൽ തീരുമാനം മാറ്റേണ്ട ആവശ്യമില്ല എന്ന നിലപാടാണുള്ളത്.
കോൺഗ്രസുമായി സഹകരിക്കേണ്ട വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ബി.ജെ.പിയോടൊപ്പം കോൺഗ്രസിന്റെ നവലിബറൽ നയവും തുടരുക എന്ന നയമായിരിക്കും സി.പി.എം സ്വീകരിക്കുക. മതേതര പാർട്ടികളെ പോലെ കോൺഗ്രസിനെ കാണാനാകില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ വാദം. അതേസമയം, കോൺഗ്രസ് സഹകരണത്തിന്റെ കാര്യത്തിൽ സി.സി രണ്ടു തട്ടിലാണെന്ന് വ്യക്തമാക്കുന്ന ചർച്ചയാണ് യോഗത്തിൽ നടന്നത്.