ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്ര വ്യവസായി നീരവ് മോഡിയുടെ ഭാര്യ ആമി മോഡിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുററപത്രത്തിൽ ആമി മോഡിയുടെ പേര് ചേർത്തിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ 30 മില്യൺ ഡോളർ വിലവരുന്ന രണ്ടു അപ്പാർട്ട്മെന്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി.
ഒക്ടോബറിൽ പിടിച്ചെടുത്ത 637 കോടി രൂപ വില വരുന്നവിദേശ സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ് ഈ അപ്പാർട്ട്മെന്റുകൾ. 56.97 കോടി രൂപ വില വരുന്ന ലണ്ടനിലെ ഫ്ളാറ്റും ഇതിൽ ഉൾപ്പെടുന്നു.