ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോടതിയലക്ഷ്യക്കുറ്റം നേരിടുന്ന അഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാൻ മറ്റൊരു ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് അരുൺ മിശ്ര. കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബർ പത്തിലേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂറെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
ശിക്ഷയെന്തെന്നതല്ല ഇവിടുത്തെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. വിശ്വാസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്‌നമാവുമെന്നും ജസ്റ്റിസ് മിശ്ര എന്നു പറഞ്ഞു.
മാപ്പു പറയാൻ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നൽകിയിരുന്നു. എന്നാൽ മാപ്പു പറയാൻ ഒരുക്കമല്ലെന്ന നിലപാടായിരുന്നു പ്രശാന്ത് ഭൂഷൺ സ്വീകരിച്ചത്. ഇന്ന് വിധിപറയാൻ മാറ്റി വെച്ച കേസായിരുന്നു ഇത്. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത ട്വിറ്റർ പരാമർശങ്ങളുടെ പേരിൽ മാപ്പു പറയില്ലെന്നാണ് പ്രശാന്ത് ഭൂഷൺ ആവർത്തിച്ചത്. താൻ പറഞ്ഞത് ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണെന്നും അതിൽ തന്നെ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു എന്നുമാണ് പ്രശാന്ത് ഭൂഷൻ ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ആത്മർഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരിൽ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീംകോടതി ഇന്നലെ വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്.
ഭരണഘടന സംരക്ഷിക്കാൻ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് സുപ്രീംകോടതി വ്യതിചലിച്ചപ്പോൾ രചനാത്മകമായ വിമർശനം ഉയർത്തുകയാണ് താൻ ചെയ്തത്. കോടതിയെയോ ഏതെങ്കിലും ഒരു ചീഫ് ജസ്റ്റീസിനെയോ അപകീർത്തിപ്പെടുത്തുക അതിന്റെ ലക്ഷ്യമായിരുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. മൗലിക അവകാശ സംരക്ഷണത്തിനായുള്ള അവസാന അഭയമാണ് സുപ്രീംകോടതി എന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ഈ കുഴപ്പങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ ജനങ്ങളുടെ പ്രതീക്ഷ തന്നെ കോടതി നിയമവാഴ്ച ഉറപ്പു വരുത്തുകയും ഭരണഘടനയെ സംരക്ഷിക്കുമെന്നുമാണ്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും നിരവധി പൊതുതാത്പര്യ വിഷയങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ട്. സുപ്രീംകോടതിയിൽ നിന്ന് അർഹിക്കുന്നതിലും ഏറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഭൂഷൺ അഡ്വ. കാമിനി ജയ്‌സ്വാൾ മുഖേന നൽകിയ രണ്ടാം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന ജസ്റ്റീസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു.