ബല്ലിയ- ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകനെ മൂന്ന് പേര്‍ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. 42കാരനായ രത്തന്‍ സിങാണ് കൊല്ലപ്പെട്ടത്. പ്രാദേശിക വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വീടിനടുത്ത് വച്ചാണ് കൊലപാതകം നടന്നത്. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നില്‍ സ്വത്തു തര്‍ക്കമാണെന്ന പോലീസ് വാദം രത്തന്‍ സിങിന്റെ അച്ഛന്‍ നിഷേധിച്ചു. അത്തരത്തിലൊരു തര്‍ക്കവും ഇല്ലെന്നും പോലീസ് കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണെന്നും രത്തന്‍ സിങിന്റെ അച്ഛന്‍ ബിനോദ് സിങ് പറഞ്ഞു.
രത്തന്‍ സിങിന്റെ കുടുംബം ഏതാനം വര്‍ഷമായി പ്രതികളുമായി അദ്ദേഹിന്റെ ഗ്രാമത്തിലുള്ള ഒരു വീടുമായി ബന്ധപ്പെട്ട് അവകാശ തര്‍ക്കത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഈ വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് രത്തന്‍ സിങിനെ പ്രതികള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകാന് എന്നത് ഈ കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് അസംഗഢ് റേഞ്ച് ഡിഐജി സുഭാഷ് ദുബെ പറഞ്ഞു.
കൊല്ലപ്പെട്ട രത്തന്‍ സിങിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷ രൂ പയുടെ ധനസഹായം പ്രഖ്യാപിച്ചു.