റിയോഡീജനീറോ- പണവും അധികാരവും കൈക്കലാക്കാന്‍ മക്കളെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ വനിതാ ജനപ്രതിനിധിക്കെതിരെ ബ്രസീലില്‍ കേസ്. 2019 ജൂണില്‍ റിയോ പ്രാന്തപ്രദേശമായ നൈറ്ററോളിലെ വസതിയില്‍വെച്ച് പാസ്റ്റർ ആന്‍ഡേഴ്സണ്‍ ഡോ കാർമോ കൊല്ലപ്പെട്ട കേസിലാണ് ബ്രസീലിയന്‍ കോണ്‍ഗ്രസ് അംഗം ഫ്ളോർഡെലിസ് ഡോസ് സാന്‍റോസിനെതിരെ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയത്. കോണ്‍ഗ്രസിന്‍റെ അനുമതി വേണമെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല.
ഇവാഞ്ചലിക്കല്‍ ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വൈദികനും ഭാരയും റിയോ ചേരികളില്‍നിന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തിയതിനെ തുടർന്ന് പ്രശ്സതരായിരുന്നു. സ്വന്തം മക്കളും ദത്തെടുത്തവരും ഉള്‍പ്പെടുന്ന അമ്പതോളം പേരില്‍നിന്നാണ് ഏതാനും പേരെ തെരഞ്ഞെടുത്ത് ഭർത്താവിനെ കൊല്ലാന്‍ ഫ്ളോർഡെലിസ് ഏർപ്പാടാക്കിയിരുന്നതെന്ന് റിയോ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വെടിവെച്ച് കൊല്ലാന്‍ നിർദേശിക്കുന്നതിനുമുമ്പ് വിഷം നല്‍കി കൊല്ലാന്‍ ആറു തവണ ശ്രമം നടത്തിയിരുന്നു.
വീട്ടിലെ ഗാരേജില്‍വെച്ച് കൊല്ലപ്പെട്ട 42 കാരനായ ഡോ കാർമോക്ക് 30 തവണ വെടിയേറ്റിരുന്നു. സ്വത്തുക്കള്‍ പൂർണമായും കൈക്കലാക്കാനും അധികാരം സ്ഥാപിക്കാനുമാണ് ഫ്ളോർഡെലിസ് ഭർത്താവിന്‍റെ കൊല ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.