ജയ്പൂര്‍- ഏതാനും മാസങ്ങള്‍ക്കു മുമ്പ് പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ രാജസ്ഥാനിലെ ആല്‍വാറില്‍ മുസ് ലിം ക്ഷീരകര്‍ഷകര്‍ക്കെതിരെ വീണ്ടും ആസൂത്രിത നീക്കം. തങ്ങളുടെ 51 പശുക്കളെ പോലീസ് തട്ടിയെടുത്ത് ഗോശാലയിലാക്കിയെന്ന പരാതിയുമായി മുസ് ലിം ക്ഷീരകര്‍ഷക കുടുംബം രംഗത്തെത്തി. ബിജെപി പഞ്ചായത്ത് അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലേക്കാണ് ഈ പശുക്കളെ പോലീസ് കൊണ്ടു പോയത്.
ഹിന്ദുത്വ പ്രവര്‍ത്തര്‍ക്കു വേണ്ടി പോലീസാണ് തന്റെ പശുക്കളെ രണ്ടാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയതെന്ന് 45-കാരനായ ക്ഷീരകര്‍ഷകന്‍ സുബ്ബ ഖാന്‍ പറയുന്നു. തട്ടിയെടുത്ത പശുക്കളെല്ലാം പാല്‍ചുരത്തുന്നവയാണ്. ഇതോടെ അമ്മപ്പശുവിന്റെ സാമീപ്യം ഇല്ലാതായ 17 പശുക്കിടാങ്ങളെ കുപ്പിപ്പാല്‍ നല്‍കിയാണ് താനിപ്പോള്‍ പോറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
13 ദിവസമായി തന്റെ പശുക്കളെ തിരികെ കിട്ടാനായുള്ള നെട്ടോട്ടത്തിലാണ് ഖാന്‍. ഗ്രാമത്തിലെ അയല്‍ക്കാരെല്ലാം സുബ്ബ ഖാനെ പിന്തുണച്ചിട്ടും പോലീസ് നിലപാട് മാറ്റുന്നില്ലെന്നാണ് പരാതി. കിഷന്‍ഗഡ് പോലീസ് സ്റ്റേഷനില്‍ മറ്റൊരു പരാതി നല്‍കി തന്റെ പശുക്കളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് സുബ്ബ ഖാന്‍.
ഗോരക്ഷാ ഗുണ്ടകള്‍ക്കെതിരെ സുപ്രീം കോടതി നിലപാട് കടുപ്പിച്ചതോടെ ന്യൂനപക്ഷ ക്ഷീരകര്‍ഷകരുടെ ഉപജീവനമാര്‍ഗം തടയാന്‍ ഹിന്ദുത്വ തീവ്രവാദികളുടെ പുതിയ തന്ത്രമാണിതെന്ന് അക്ഷേപം ഉയര്‍ന്നു.