ഹൈദരാബാദ്- ഇന്ത്യയില്‍ താമസിക്കുന്നതിന് അനധികൃതമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ വംജനായ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അജമുദ്ദീന്‍ എന്ന് മുല്ല അജമുദ്ദീനാണ് പിടിയിലായത്.
അജമുദ്ദീന് ജോലി നല്‍കുകയും ആധാര്‍ കാര്‍ഡില്‍ വ്യാജ പിതാവായ റിയാസുദ്ദീന്‍ മുല്ല (36)യും അറസ്റ്റിലായിട്ടുണ്ട്. റിയാസുദ്ദീന്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. ഇരുവരേയും ബലാപൂരിലെ ബര്‍മ കുടിലുകളില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാര്‍മെന്റ് വ്യാപാരം നടത്തുന്ന റിയാസുദ്ദീന്‍ ബാലനം ഈയടുത്താണ് കൊല്‍ക്കത്തയില്‍നിന്ന് ഹൈദരാബാദിലെത്തിയത്.
മ്യാന്മര്‍ സ്വദേശിയായ അജമുദ്ദീനും കുടുംബവും ബംഗ്ലാദേശിലെ കോക്‌സസ് ബസാറിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് റിയാസുദ്ദീന്‍ മുല്ല ഗാര്‍മെന്റ് ബിസിനസ് ആവശ്യാര്‍ഥം ബംഗ്ലാദേശില്‍ പോയപ്പോഴാണ് അജമുദ്ദീനെ കണ്ടതും ഇന്ത്യയില്‍ കുടുതല്‍ വേതനം ലഭിക്കുമെന്ന് പറഞ്ഞ് ക്ഷണിച്ചതും. ടെലിഫോണ്‍ നമ്പര്‍ നല്‍കി മടങ്ങിയ റിയാസുദ്ദീനേ തേടി അജമുദ്ദീന്‍ പിന്നീട് കൊല്‍ക്കത്തയില്‍ എത്തി. പ്രതിമാസം ആറായിരം രൂപ ശമ്പളത്തില്‍ അജമുദ്ദീന്‍ റിയാസുദ്ദീന്റെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു.
മകനാണെന്ന തെറ്റായ വിവരം നല്‍കിയാണ് റിയാസുദ്ദീന്‍ അജമുദ്ദീനെ ആധാര്‍ നേടാന്‍ സഹായിച്ചത്. ഹൈദരാബാദിലെത്തിയ ഇരുവരേയും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആധാര്‍ കാര്‍ഡ് കണ്ടെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ പൗരനാണെന്ന് അവകാശപ്പെട്ട് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ 20 കാരനെ കഴിഞ്ഞ മാസം രാച്ചകൊണ്ട പോലീസ് അറസ്റ്റ് ചെയ്തിരുന്നു.