തിരുവനന്തപുരം- സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ വാർത്ത.
ഇരുവരും ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തു നിരന്തരം സന്ദർശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയതായാണ് റിപ്പോർട്ട്. ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്കു വിറ്റതായി സംശയിക്കുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങൾ എൻഐഎക്ക് കൈമാറിയിട്ടുണ്ടെന്നും വാർത്തയിലുണ്ട്.
ബംഗളൂരു സന്ദർശനങ്ങൾക്കിടെ സ്വപ്നയും ശിവശങ്കറും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റിൽ സ്പേസ് പാർക്ക് പദ്ധതിക്കായി സംസ്ഥാന സർക്കാർ ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സർക്കാരിനു വേണ്ടി എം.ശിവശങ്കറാണ് ഒപ്പിട്ടത്. തുടർന്നാണു സ്വപ്ന സുരേഷിനെ നിയമിച്ചതെന്നും വാർത്തയില്‍ പറയുന്നു.