സോള്‍- ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ശരീര ചലനമില്ലാതെ അബോധാവസ്ഥയില്‍ കിടപ്പിലാണെന്ന് ദക്ഷണി കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഉത്തര കൊറിയ പുറത്തു വിട്ട കിം ജോങിന്റെ ചിത്രങ്ങള്‍ വ്യാജമാണെന്നും സഹോദരി കിം യോ ജോങ് ആണിപ്പോള്‍ സുപ്രധാന ഭരണ ചുമതലകള്‍ വഹിക്കുന്നതെന്നും ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് കിം ദായ് ജങിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ചാങ് സോങ് മിന്‍ പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. ദേശീയ, അന്താരാഷട്ര കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോള്‍ ഉന്നിന്റെ സഹോദരിയുടെ പക്കലാണ്. ഭരണചുമതല വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗം മൂലം അവശരാകുകയോ അല്ലെങ്കില്‍ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ ഭരണ നിയന്ത്രണം മറ്റൊരാളെ ഏല്‍പ്പിക്കില്ലെന്നും ചാങ് സോങ് മിന്‍ പറയുന്നു.
ഭരണ കൈമാറ്റത്തിനുള്ള പൂര്‍ണ ഘടനയ്ക്ക് രൂപമായിട്ടില്ലെന്നും ഭരണതലവനില്ലാതെ ദീര്‍ഘകാലം മുന്നോട്ടു പോകില്ലെന്നതിനാല്‍ കിം യോ ജോങിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി കൊറിയ ഹെരള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. ഈ രഹസ്യ വിവരം ചൈനയിലെ തന്റെ രഹസ്യ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതാണെന്ന് ചാങ് അവകാശപ്പെട്ടു. അധികാരം പങ്കിടുന്നതിന് ഏറ്റവും അടുപ്പമുള്ളവരെ ഉള്‍പ്പെടുത്തി കിം ജോങ് ഉന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് കരുതപ്പെടുന്നതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു.