വാഷിംഗ്ടൺ - പുതുതായി പുറത്തിറക്കിയ യീസി ഷൂകൾക്ക് മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായ മലക്കുകളുടെ പേരിട്ട റാപ്പ് ഗായകൻ കന്യെ വെസ്റ്റും അഡിഡാസും വിവാദത്തിൽ.
മരണത്തിന്റെ മലക്കായ അസ്രായീലിന്റേയും ലോകാവസാന കാഹളമൂതുന്ന മലക്കായ ഇസ്റാഫീലിന്റേയും പേരുകൾ ഷൂകൾക്ക് നൽകിയതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
വിപണിയിൽ ഏറെ സ്വീകാര്യതയുള്ള അഡിഡാസ് യീസി ഷൂ സ്നീക്കർ ഷൂകളുടെ രൂപകൽപനക്കു പിന്നിൽ കന്യെ വെസ്റ്റാണ്.
അസ്രായീലിന്റെ പേരാണ് ചില ജൂത പാരമ്പര്യങ്ങളിലും മരണത്തിന്റെ മാലാഖക്ക് ഉപയോഗിക്കാറുള്ളത്.
ഉൽപന്നങ്ങൾ വിറ്റുപോകാൻ മതനിന്ദയും മത വിദ്വേഷവും ഉപയോഗപ്പെടുത്തുന്നുവെന്നാണ് അഡിഡാസിനെതിരെ ഓൺലൈനിൽ ഉയരുന്ന വിമർശം.
സ്വന്തം പേര് ഉപയോഗിച്ച് അഡിഡാസുമായി ചേർന്ന് സ്നീക്കർ കളക്ഷൻ ഇറക്കിയ ശേഷം റാപ്പ് താരം കന്യെ വെസ്റ്റ് കഴിഞ്ഞ ഏപ്രിലിൽ കോടീശ്വരനായി മാറിയിരുന്നു.