ന്യൂദൽഹി- അസമിൽ താൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് രാജ്യസഭയിലേക്ക് ബി.ജെ.പി നോമിനേറ്റ് ചെയ്ത് എം.പിയായ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാനൊരു രാഷ്ട്രീയ നേതാവല്ല. അങ്ങനൊരു ആഗ്രഹവും എനിക്കില്ല. ആരും അത്തരം വാഗ്ദാനവുമായി എന്നെ സമീപിച്ചിട്ടുമില്ല. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസ്സിലാകാത്തത് നിർഭാഗ്യകരമാണെന്നും ഗൊഗോയ് പറഞ്ഞു.
രാജ്യസഭയിലേക്ക് എന്നെ നാമനിർദ്ദേശം ചെയ്തപ്പോൾ ഞാൻ അത് സ്വീകരിച്ചത് വളരെ ബോധപൂർവ്വം തന്നെയാണ്. കാരണം എന്റെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് എനിക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ എന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ അവസരം ലഭിക്കുമല്ലോ. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഗൊഗോയി വ്യക്തമാക്കി. രഞ്ജൻ ഗൊഗോയി അസം തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയാണ് വ്യക്തമാക്കിയത്. അസമിൽ ഇടതുകക്ഷികളെ അടക്കം ചേർത്ത് വിശാല മുന്നണിക്ക് രൂപം നൽകുകയാണ് കോൺഗ്രസ്.