വാഷിംഗ്ടണ്‍- രാഷ്ട്രീയക്കാരെ കബളിപ്പിക്കുന്നതില്‍ വിദഗ്ധരായ റഷ്യന്‍ തമാശക്കാരായ വോവാനും ലെക്‌സസിനും യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസും ഇരയായി.
വ് ളാഡിമിര്‍ കുസ്‌നെറ്റ്‌സോവ്, അലക്‌സി സ്‌റ്റോലിയാരോവ് എന്നിവരാണ് വോവാന്‍, ലെക്‌സസ് എന്നീ പേരുകളില്‍ കുസൃതി ഫോണ്‍ കോളുകളിലൂടെ രാഷ്ട്രീയക്കാരെ കബളിപ്പിക്കാറുള്ളത്.
ട്രംപ് അടക്കമുള്ളവര്‍ക്കെതിരെ തീപ്പൊരി പ്രസംഗം നടത്തി ശ്രദ്ധ നേടിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും പിതാവുമാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ കമലയെ കബളിപ്പിച്ചത്. ട്രംപിന്റെ പേരിലുള്ള വ്യാജ റെക്കോര്‍ഡിംഗുകള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് കമല ഇവരോട് പറയുന്നു.
അമേരിക്കയില്‍ ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കുമമ്പ് ജനുവരിയിലാണ് വോവാനും ലെക്‌സസും ഗ്രെറ്റും പിതാവ് സ്വാന്റെയുമെന്ന പേരില്‍ കമലാ ഹാരിസിനെ വിളിച്ചത്.
നിങ്ങളുടെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളേയും അഭിനന്ദിക്കുന്നുവെന്നും നിങ്ങളുടെ ധൈര്യവും ശബ്ദവും തന്നെ പ്രചോദിപ്പിച്ചുവെന്നും കമലാ ഹാരിസ് തമാശക്കാരോട് പറയുന്നതായി ദി സണ്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
ട്രംപിന് തങ്ങളോട് വെറുപ്പുണ്ടെന്നും അത് കമലാ ഹാരിസിന് സഹായകരമാകുമെന്നും ഇരുവരും പറയുന്നു. നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ ലക്ഷ്യം കൈവരിക്കില്ല എന്ന് പ്രസിഡന്റ് ട്രംപ് ഗ്രെറ്റ തന്‍ബെര്‍ഗിനോട് പറയുന്ന റെക്കോര്‍ഡിംഗ് കൈയിലുണ്ടെന്നും ഇരുവരും അറിയിക്കുന്നു.
ട്രംപിനെ കാണുന്നതു തന്നെ ഭയമാണെന്നും ടിവിയില്‍ കാണുമ്പോള്‍ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും സെപ്റ്റംബറില്‍ യു.എന്‍ കെട്ടിടത്തില്‍ നടന്ന കൂടിക്കാഴ്ച അനുസ്മരിച്ചുകൊണ്ട് വ്യാജ ഗ്രെറ്റ കമലാ ഹാരിസിനോട് പറയുന്നു.
തെരഞ്ഞെടുപ്പ്് പ്രചാരണത്തിന് പിന്തുണ ഉറപ്പു നല്‍കിയ ശേഷം ട്രംപും തന്റെ മകളും തമ്മിലുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ അത് സഹായകമാകുമോ എന്നും ഗ്രെറ്റയുടെ പിതാവ് ചോദിക്കുന്നു. അത് സ്വീകരിച്ചുകൊണ്ട് വലിയ കാര്യമായിരിക്കുമെന്ന് പറയുന്ന കമലയോട് അടുത്തുതന്നെ കണ്ടുമുട്ടാമെന്നാണ് തമാശക്കാര്‍ പറയുന്നത്.
തങ്ങളെ അറസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ട് ഇരുവരും ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഇല്ല ഇല്ല, ഒരിക്കലുമില്ല എന്നാണ് കമല പറയുന്നത്.