ന്യൂദൽഹി- ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തു പോകണമെന്ന് കേന്ദ്രസർക്കാർ വകുപ്പിലുള്ള ഒരു സെക്രട്ടറി പറയുന്നത് വിചിത്ര സംഭവമാണെന്ന് ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.
സർക്കാരിന് എന്തെങ്കിലും മര്യാദ ഉണ്ടെങ്കിൽ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരാനായ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണം. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന തുകഡെ തുകഡെ സംഘമാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
യോഗ മാസ്റ്റർ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്ന് നാച്ചുറോപ്പതി ഡോക്ടർമാർക്കായി നടത്തിയ ദേശീയ കോൺഫറൻസിലാണ് ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം നടന്നത്.
ഓഗസ്റ്റ് 18 മുതൽ 20 വരെ രാജ്യമെമ്പാടുമുളള നാചുറോപ്പതി ഡോക്ടർമാർക്കായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരിൽ 37 പേർ തമിഴ്നാട്ടിൽ നിന്നുളളവരായിരുന്നു. ആമുഖ പ്രസംഗം നടത്തുന്നതിനിടെ ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വേണ്ടവർക്ക് വെബിനാറിൽ നിന്ന് പുറത്തു പോകാമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയടക്കമുള്ളവര്ർ രംഗത്തുവരികയും ചെയ്തു.