Sorry, you need to enable JavaScript to visit this website.

അദാനിക്കെതിരെ അദാനിക്കൊപ്പം!

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും പ്രതിരോധം തീർക്കുന്നതിനിടയിൽ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുളള ലേലത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന് നിയമോപദേശം നൽകിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണെന്ന് വ്യക്തമായത് സർക്കാരിന് തിരിച്ചടിയായി. 
അദാനിയുമായി അടുത്ത് ബന്ധമുള്ള സിറിൽ അമർചന്ദ് മണ്ഡൽദാസ് എന്ന നിയമ സ്ഥാപനമാണ് നിയമോപദേശം നൽകിയത്.

 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സർക്കാർ ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കുകയും ചെയ്തിരുന്നു.
ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യാപിതാവ് സിറിൾ ഷെറോഫിന്റേതാണ് ഈ സ്ഥാപനം. അദാനിയുടെ മരുമകൾ ഈ കമ്പനിയുടെ പാർട്ണറുമാണ്. കൺസൾട്ടൻസി ഫീസായി 55 ലക്ഷം രൂപ കേരളം ഇവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രൊഫഷണൽ ഫീ ഫോർ ബിഡിംഗ് എന്ന നിലയിൽ ലേലനടപടികളിൽ സഹായിച്ചതിന് നൽകിയ പ്രതിഫലമായി ഇവർക്ക് 55 ലക്ഷം നൽകുകയായിരുന്നു. ഈ കൺസൾട്ടൻസി ഇടപാട് ഫലത്തിൽ ലേലത്തിൽ കേരളം തോൽക്കാൻ കാരണമായോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. 


വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തിൽ വാഗ്ദാനം ചെയ്തപ്പോൾ അദാനി ഗ്രൂപ്പ് 168 രൂപ വെച്ചു. ഉയർന്ന തുക വിളിച്ച അദാനിക്ക് കേന്ദ്രം കരാർ നൽകുകയും ചെയ്തു. എന്തു വന്നാലും വിമാനത്താവളം അദാനിക്ക് തീറെഴുതാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് ഈ ബാന്ധവം പുറത്തു വന്നത്.
സംസ്ഥാന സർക്കാരിനെ പോലെ ലേലത്തിൽ പങ്കെടുത്ത ഒരു സ്ഥാപനമാണ് അദാനി  ഗ്രൂപ്പ്. സർക്കാരിനും അദാനിക്കും ഒരേ സ്ഥാപനം തന്നെ നിയമോപദേശം നൽകുക എന്നതും അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പിനായുള്ള ലേലം ലഭിച്ചു എന്നതും സർക്കാരിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ പോന്നതാണെന്ന ആക്ഷേപം ശക്തമാണ്. സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണിത് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകുന്നതിനെതിരെ സർക്കാരിനൊപ്പമാണ് പ്രതിപക്ഷം നിലകൊണ്ടത്. അതുകൊണ്ടാണ് ഒരു നിമിഷം പാഴാക്കാതെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതും. എന്നാൽ ഇപ്പോൾ പുറത്തു വന്ന കാര്യങ്ങൾ ശരിയാണെങ്കിൽ സർക്കാരിന് ഇതിൽ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന് പറയേണ്ടിവരും. അതുകൊണ്ട് 24 ന് നിയമസഭയിൽ ഈ പ്രമേയം വരുന്നതിന് മുമ്പ് ഈ കാര്യത്തിൽ വ്യക്തത വരുത്തണം. 


അദാനിയുമായി വളരെയേറെ അടുപ്പമുള്ള സ്ഥാപനത്തിൽനിന്ന് നിയമോപദേശം സ്വീകരിച്ചത് വഴി ലേലത്തിനായി സർക്കാർ സമർപ്പിച്ച രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് വേണം കരുതാൻ. ലേലത്തിൽ പങ്കെടുക്കാൻ സമർപ്പിച്ച രേഖകൾ എല്ലാം സംശയത്തിന്റെ നിഴലിൽ ആയതുകൊണ്ട് ഇപ്പോൾ പുറത്തു വന്ന വിവരങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി സർക്കാർ പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News