മുംബൈ- നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടന്റെ വീട് സന്ദര്‍ശിച്ചു. നടന്റെ മരണത്തിലേക്ക് നയിച്ച സംഭവ പരമ്പരകള്‍ പുനഃസൃഷ്ടിക്കാനാണ് ഫോറന്‍സിക് വിദഗ്ധരോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ നടന്റെ ബാന്ദ്രയിലെ വസതിയിലെത്തിയത്.
ജൂണ്‍ 14-നാണ് സുശാന്തിനെ ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോണ്‍ട് ബഌങ്ക് അപാര്‍ട്‌മെന്റില്‍ ഉച്ചക്ക് രണ്ടരയോടെയാണ് ഉദ്യഗസ്ഥര്‍ എത്തിയത്. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സി.എഫ്.എസ്.എല്‍) യിലെ വിദഗ്ധരടക്കം സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കം വന്‍ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. സുശാന്തിന്റെ പാചകക്കാരനായിരുന്ന നീരജും ഫഌറ്റിലെ സഹ അന്തേവാസി സിദ്ധാര്‍ഥ് പിതാനിയും സി.ബി.ഐ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ തങ്ങുന്ന സാന്താ ക്രൂസിലെ ഐ.എ.എഫ് ഗസ്റ്റ് ഹൗസില്‍വെച്ച് സിദ്ധാര്‍ഥ് പിതാനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുക്ക് നീരജിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
സുശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൂപ്പര്‍ സര്‍ക്കാര്‍ ആശുപത്രി ഇന്നലെ സി.ബി.ഐയുടെ മറ്റൊരു സംഘം സന്ദര്‍ശിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൂപ്പര്‍ ഹോസ്പിറ്റലിലെ ഡീനുമായി ചര്‍ച്ച നടത്തിയ സംഘം പോസ്റ്റ് മോര്‍ട്ടം നടത്തിയ മറ്റു ഡോക്ടര്‍മാരില്‍നിന്നും വിവരങ്ങള്‍ തേടും. സുശാന്തിന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ സി.ബി.ഐ സംഘം ബാന്ദ്ര പോലീസ് സ്‌റ്റേഷനിലുമെത്തി. വെള്ളിയാഴ്ച കേസന്വേഷണം ആരംഭിച്ച സി.ബി.ഐ സംഘം രണ്ടാമത്തെ തവണയാണ് ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരാണ് നടന്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന എഫ്.ഐ.ആര്‍ സുപ്രീം കോടതി ബുധനാഴ്ച ശരിവെച്ചിരുന്നു.
സുപ്രീം കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് 34 കാരന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ഫോറന്‍സിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരുമടങ്ങുന്ന സി.ബി.ഐ സംഘം വ്യാഴാഴ്ചയാണ് മുംബൈയില്‍ എത്തിച്ചേര്‍ന്നത്.