ന്യൂദല്‍ഹി- അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. സാമ്പത്തിക നടപടികള്‍ ശക്തമാക്കുന്ന ഭീകര സംഘടനകളുടേയും നേതാക്കളുടേയും പട്ടികയില്‍ പാക് സര്‍ക്കാര്‍ ദാവൂദിനേയും ഉള്‍പ്പെടുത്തി. ഭീകര സംഘടനകളെ സഹായിക്കുന്നുവെന്ന ആരോപണം നേരിടുന്ന പാക്കിസ്ഥാന്‍ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് തങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയവരുടെ പട്ടിക പുറത്തിറക്കുന്നത്.
1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ മുഖ്യസൂത്രധാരകനായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ഇതാദ്യമായാണ് പാക് ഭരണകൂടം സമ്മതിക്കുന്നത്.
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സഈദ്, മസൂദ് അസ്ഹര്‍ എന്നിവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായി പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു. ഇവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.