ചെന്നൈ- ആയുഷ് മന്ത്രാലയം ഈയിടെ സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടിക്കിടെ ഹിന്ദി സംസാരിക്കാത്തവര്‍ക്ക് യോഗം വിട്ടു പോകാമെന്ന മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേചയുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാക്കള്‍ കൊടേചയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തനിക്കു ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും, ഹിന്ദി സംസാരിക്കാന്‍ അറിയാത്തവര്‍ക്കും യോഗം വിട്ടു പോകാമെന്നുമായിരുന്നു കൊടേചയുടെ പ്രസ്താവന. ആയുഷ് സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ എംപി കനിമൊഴി ആവശ്യപ്പെട്ടു. ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് വിവാദ പ്രസ്താവനയെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും കനിമൊഴി പറഞ്ഞു. ഹിന്ദി സംസാരിക്കാത്തവരെ മാറ്റിനിര്‍ത്തുന്ന ഈ സമീപനത്തെ എത്രകാലം വച്ചുപൊറുപ്പിക്കാനാകും. ഈ സെക്രട്ടറിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന തീര്‍ത്തും അസ്വീകാര്യമാണെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പറഞ്ഞു. ഹിന്ദിയിലുള്ള ആയുഷ് പരിശീലനം തമിഴരെ അവഗണിക്കുന്നതാണ്. ഇംഗ്ലീഷ് അറിയാത്തത് മനസ്സിലാക്കാം. എന്നാല്‍ ഹിന്ദി സംസാരിക്കാത്തവര്‍ പോകണമെന്ന ഈ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്നും കാര്‍ത്തി പറഞ്ഞു.