ശ്രീനഗര്‍- ഒരു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകുയം പ്രത്യേക പദവി ഉറപ്പു നല്‍കന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത നടപടിക്കെതിരെ പൊരുതുമെന്നും പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പ്ള്‍സ് കോണ്‍ഫറന്‍സ്, സിപിഐഎം, കോണ്‍ഗ്രസ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് രാഷ്ട്രീയ വൈര്യം മറന്ന് ഒന്നിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിന് കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ വിഭജിച്ചതിനു ശേഷം ജമ്മു കശ്മീരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണഘടനാ പദവി പുനസ്ഥാപിക്കുന്നതിനു ഒന്നിച്ചു നിന്നു പൊരുതുമെന്നും പാര്‍ട്ടികള്‍ പ്രതിജ്ഞ ചെയ്തു. ജമ്മു കശ്മീരിന്റെ പദവി സംരക്ഷിക്കുമെന്നും അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊരുതുമെന്നുമുള്ള പ്രാദേശിക പാര്‍ട്ടികളുടെ 2019 ഓഗസ്റ്റ് നാലിലെ ഗുപ്കര്‍ പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ നാലു ദിവസത്തിനിടെ കശമീരിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പരസ്പരം സംസാരിക്കുകയും ചിലര്‍ നേരിട്ട് കണ്ട് ചര്‍ച്ച ചെയ്തുമാണ് സംയുക്ത പ്രസ്താവന തയാറാക്കിയത്. വളരെ കൃത്യതയോടെയും വലിയൊരളവില്‍ സ്വകാര്യത കാത്തു സൂക്ഷിച്ചുമാണ് നേതാക്കള്‍ രാഷ്ട്രീയ ധാരണയിലെത്തിയതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരടു പ്രസ്താവന തയാറാക്കി കഴിഞ്ഞ ദിവസം എല്ലാ നേതാക്കളിലുമെത്തിച്ചു. അവര്‍ ഇത് അംഗീകരിച്ചതിനു ശേഷമാണ് പുറത്തുവിട്ടത്.
അതേസമയം കോണ്‍ഗ്രസ് നിലപാടില്‍ അയവു വരുത്തി. കഴിഞ്ഞ വര്‍ഷത്തെ ഗുപ്കര്‍ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ഒപ്പുവച്ചിരുന്നു. അതിനു ശേഷം വലിയ മാറ്റങ്ങളുണ്ടായി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാണ് ഞങ്ങളുടേയും ആവശ്യം. എന്നാല്‍ 370ാം വകുപ്പ് റദ്ദാക്കിയ നടപടിയുടെ കാര്യത്തില്‍ രാഷ്ട്രീയ ധാരണകള്‍ക്കപ്പുറത്ത് സുപ്രീം കോടതിയുടെ വിധി വരുന്നതു വരെ കാത്തിരിക്കണം- സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി എ മിര്‍ പറഞ്ഞു. ഫാറൂഖ് അബ്ദുല്ല ഏതാനും ദിവസം മുമ്പ് സംസാരിച്ചിരുന്നെന്നും എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ താന്‍ ഒപ്പു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.