ആഡംബരത്തിന്റെ ലഹരി ആസ്വദിക്കുന്ന കളിക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. എന്നിട്ടും കളിക്കളത്തിൽ സൂഫിയാണ്. ഇതുപോലൊരു കളിക്കാരൻ എന്നെങ്കിലുമുണ്ടാവുമോയെന്നു പോലും സംശയം.
ഹാർലി ഡേവിഡ്‌സൻ ബൈക്കുകളോടും അതിവേഗത്തോടുമുള്ള പ്രണയം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശക്തനായ അഡ്മിനിസ്‌ട്രേറ്റർ എൻ. ശ്രീനിവാസനുമായുള്ള ഉറ്റ ബന്ധം, സൈന്യത്തിന്റെ കുപ്പായത്തോടുള്ള അഭിനിവേശം, ഏറ്റവും സമ്പന്നനായ കളിക്കാരിലൊരാൾ, ഭാര്യയുടെയും മകളുടെയും വിശേഷങ്ങൾ ഏതാണ്ട് ബോറടിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തി, ആളുകളെ കബളിപ്പിച്ച റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു, പലപ്പോഴും ഭിന്ന താൽപര്യം ആരോപിക്കപ്പെട്ടിരുന്നു... ആഡംബരത്തിന്റെ ലഹരി ആസ്വദിക്കുന്ന കളിക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. എന്നിട്ടും കളിക്കളത്തിൽ സൂഫിയാണ് ധോണി. ഇതുപോലൊരു കളിക്കാരൻ എന്നെങ്കിലുമുണ്ടാവുമോയെന്നു പോലും സംശയം.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് സൂപ്പർ താരങ്ങളുണ്ടായിട്ടുണ്ട്, കപിൽദേവ് മുതൽ വിരാട് കോഹ്‌ലി വരെ. അതിനു മുമ്പും വലിയ കളിക്കാരുണ്ടായിരുന്നുവെങ്കിലും അന്ന് പണക്കൊഴുപ്പിന്റെ കളിയായിരുന്നില്ല ക്രിക്കറ്റ്. കപിൽദേവ് വലിയ കളിക്കാരനായിരുന്നു, ഒറ്റക്ക് കളി ജയിപ്പിക്കാൻ കെൽപുള്ളവൻ. കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ജയിച്ചു. എന്നാൽ ക്യാപ്റ്റൻസിയിൽ കപിലിനെ മറികടന്നു ധോണി. ധോണി 2017 ൽ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. കീഴിൽ കളിച്ചവർ ഇന്നും എന്റെ ക്യാപ്റ്റൻ എന്ന് ധോണിയെ അഭിമാനത്തോടെ വിശേഷിപ്പിക്കുന്നു. ഏതാനും അപവാദങ്ങളുണ്ട്. ഗൗതം ഗംഭീറും ശ്രീശാന്തും മറ്റും ധോണിയെ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. വി.വി.എസ്. ലക്ഷ്മണും അപ്രതീക്ഷിതമായി വിരമിച്ചപ്പോൾ ധോണിയെ ചെറുതായി കുറ്റപ്പെടുത്തിയിട്ടുണ്ട്. നീണ്ട ക്യാപ്റ്റൻസി കരിയറിൽ അത്തരം ചില സംഭവങ്ങൾ സ്വാഭാവികമാണ്. അതൊഴിച്ചാൽ കളിക്കാരിൽ നിന്ന് പൂർണ വിധേയത്വം നേടിയെടുത്ത ക്യാപ്റ്റന്മാർ അധികമൊന്നുമില്ല. ഒട്ടും അധികാര പ്രയോഗം നടത്താതെയാണ് ധോണി ഇത് സാധിച്ചതെന്നതാണ് ആ നേട്ടത്തിന്റെ മികവ്. ഈ കോവിഡ് കാലത്ത് ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ധോണിയുടെ ജന്മദിനമാഘോഷിക്കാൻ റാഞ്ചിയിലെ വീട്ടിലെത്തിയത് ചാർട്ടേഡ് വിമാനത്തിലാണ്.
സചിൻ ടെണ്ടുൽക്കറെയും സൗരവ് ഗാംഗുലിയെയും വീരേന്ദർ സെവാഗിനെയും രാഹുൽ ദ്രാവിഡിനെയുമൊക്കെ ടീമിൽ നിന്ന് പല കാലങ്ങളിൽ മാറ്റിനിർത്താൻ ധോണിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതെല്ലാം പൂർണമായും ക്രിക്കറ്റിന്റെ പേരിൽ മാത്രമായിരുന്നു. വിടവാങ്ങൽ ടെസ്റ്റിൽ സൗരവ് ഗാംഗുലിയെ ടീമിനെ നയിക്കാൻ അനുവദിക്കുക വഴി ധോണി കാട്ടിയ ആദരവ് ഏവരെയും സ്പർശിച്ചു.
സചിൻ ടെണ്ടുൽക്കറോളം വലിയ കളിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല. പക്ഷെ തന്റെ മഹത്വത്തെക്കുറിച്ച് ഇത്രത്തോളം ബോധവാനായ കളിക്കാരൻ വേറെയുണ്ടാവില്ല. സചിന്റെ വിടവാങ്ങലിനായി ബി.സി.സി.ഐ പ്രത്യേക പരമ്പര തന്നെ സംഘടിപ്പിച്ചു. സുദീർഘമായ പ്രഭാഷണത്തോടെയാണ് സചിൻ വിരമിച്ചത്. സചിൻ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം രണ്ട് ടെസ്റ്റുകൾ കളിച്ചു. അതൊരു ആഘോഷമായി. അത്തരം നാടകങ്ങളൊന്നും ധോണി ആഗ്രഹിച്ചില്ല. ഇതൊന്നുമില്ലാതെ കരിയർ ആഘോഷിക്കപ്പെട്ടു എന്നതാണ് ധോണിയുടെ മഹത്വം. ധോണി അവസാന മത്സരം കളിച്ചത് ഒരു വർഷം മുമ്പാണ്. അതിനു ശേഷം ആ കരിയറിനെക്കുറിച്ച് ക്രിക്കറ്റ് ലോകം ചർച്ച ചെയ്തപ്പോഴും അതൊന്നും ധോണി അറിഞ്ഞതായി പോലും ഭാവിച്ചില്ല. ഒടുവിൽ സ്വാതന്ത്ര്യ ദിനത്തിൽ, തനിക്ക് 39 വയസ്സും 39 ദിവസവും പ്രായമായ രാത്രിയിൽ ഒരു പ്രസ്താവനയിൽ ധോണി വിട ചോദിച്ചു. പിറ്റേന്ന് മിക്ക പത്രങ്ങളും അവധിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. ആ പ്രസ്താവനക്കു പിന്നാലെ ധോണി ഐ.പി.എല്ലിനായുള്ള ജൈവ കവചത്തിൽ പ്രവേശിച്ചു. മാധ്യമങ്ങൾക്കു പോലും അപ്രാപ്യനായി. ധോണിയുടെ കരിയർ ക്രിക്കറ്റ് ലോകം ആഘോഷിക്കുമ്പോഴും ധോണി അകന്നു നിന്നു.
പരമ്പരാഗതമായ എല്ലാ രീതികളെയും കീഴ്‌മേൽ മറിച്ച കളിക്കാരനായിരുന്നു ധോണി. കോച്ചിംഗ് മാന്വലുകളെയോ കോച്ചുമാരെയോ കംപ്യൂട്ടർ പ്ലാനിംഗുകളെയോ മാനിച്ചില്ല. ക്രിക്കറ്റിനെപ്പോലും അമിതമായി സ്‌നേഹിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റ് കാണാനുള്ള ക്ഷമയില്ലെന്ന് പലപ്പോഴും ധോണി സമ്മതിച്ചിട്ടുണ്ട്. ഏകദിനങ്ങൾ പോലും പൂർണമായി പലപ്പോഴും കാണാറില്ല. ക്രിക്കറ്റ് അക്കാദമികളിലൂടെയല്ല ധോണി വളർന്നത്. ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ചാണ്. ആ ഷോട്ടുകളും വിക്കറ്റ് കീപ്പിംഗുമൊന്നും കോച്ചുമാർ പറഞ്ഞ രീതിയിലല്ല. പ്ലാനിംഗ് അനുസരിച്ചല്ല ക്യാപ്റ്റനെന്ന നിലയിൽ ധോണി തീരുമാനമെടുക്കാറ്. 2007 ലെ ട്വന്റി20 ലോകകപ്പ് ജയത്തിലൂടെയാണ് ധോണി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. ആ ഫൈനലിൽ പാക്കിസ്ഥാനെതിരെ അവസാന ഓവർ എറിയാൻ ജോഗീന്ദർ സിംഗ് എന്ന കളിക്കാരനെ നിയോഗിച്ചത് വലുതായി ആഘോഷിക്കപ്പെട്ടു. അത് തന്ത്രപൂർവമായ തീരുമാനമായിരുന്നുവോ, ഉൾവിളിയായിരുന്നോ അതോ മറ്റ് പ്രധാന ബൗളർമാരെയൊക്കെ ചിന്തിക്കാതെ നേരത്തെ ബൗൾ ചെയ്യിച്ച് തീർത്തതു കൊണ്ടാണോ? അത് ധോണിക്കു മാത്രമേ അറിയൂ. കോച്ചുമാരുടെ പ്ലാനിംഗുകളും ടീം മീറ്റിംഗുമൊന്നും ധോണിക്ക് പ്രതിപത്തിയുള്ള കാര്യമായിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തെക്കുറിച്ചൊന്നും ധോണിക്ക് വലിയ ജ്ഞാനമില്ല. ശിവരാമകൃഷ്ണൻ ബൗൾ ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്ന് ധോണി സമ്മതിച്ചിട്ടുണ്ട്.
പ്രതിസന്ധികളിൽ പതറാതെ നിൽക്കുന്ന കളിക്കാരനെന്നതാണ് ധോണിയുടെ ഏറ്റവും വലിയ മഹത്വം. ഏതു ലക്ഷ്യവും എത്തിപ്പിടിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കെൽപുള്ളവൻ. ഫോമിലല്ലാതിരുന്നിട്ടും ലോകകപ്പ് ഫൈനലിൽ സ്ഥാനക്കയറ്റം നേടി ബാറ്റിംഗിന് വരാൻ ധീരത കാണിച്ച നായകൻ. ഇതൊക്കെയാണ് ധോണിയെ വേറിട്ടു നിർത്തുന്നത്. എന്താണ് അതിന് കാരണം. പരാജയങ്ങളെ ധോണിക്ക് പേടിയില്ല, വിജയങ്ങളിൽ അഭിരമിക്കാറുമില്ല. ആദ്യമായി ക്യാപ്റ്റൻ സ്ഥാനം ഏൽപിക്കപ്പെട്ട 2007 ലെ ട്വന്റി20 ലോകകപ്പിൽ തന്നെ ധോണി അത് തെളിയിച്ചു. കളിക്കാർ കപ്പുമായി നൃത്തം ചവിട്ടിയപ്പോൾ ധോണിയെ കാണാൻ തന്നെ ഉണ്ടായിരുന്നില്ല. ചിത്രങ്ങളിൽ ഒരു മൂലയിലാണ് ക്യാപ്റ്റൻ. ക്രിക്കറ്റിന്റെ വലിയ ചരിത്രത്തിൽ താൻ വെറുമൊരു യാത്രക്കാരൻ മാത്രമാണെന്ന ബോധ്യമുണ്ടായിരുന്നു ധോണിക്ക്.
ടെസ്റ്റിലും ഏകദിനത്തിലും മികച്ച ബാറ്റ്‌സ്മാനായിരുന്നു ധോണി. ഒന്നാന്തരം വിക്കറ്റ് കീപ്പറായിരുന്നു. ഇന്ത്യക്ക് ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തരികയും ടെസ്റ്റിൽ ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്ത നായകനാണ്. എന്നിട്ടും ഓസ്‌ട്രേലിയയിലെ പരമ്പരക്കിടയിൽ അപ്രതീക്ഷിതമായാണ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചത്. സഹ താരങ്ങൾ പോലും ധോണി പ്രഖ്യാപിക്കും വരെ ആ വിവരമറിഞ്ഞില്ല. രണ്ട് ടെസ്റ്റ് ബാക്കിയിരിക്കെയാണ് സചിൻ വിരമിച്ചത്. ആ രണ്ടു ടെസ്റ്റുകൾ സചിന്റെ കരിയറിന്റെ ആഘോഷമായി. ടെസ്റ്റിലെന്ന പോലെ നിശ്ചിത ഓവർ ക്രിക്കറ്റിൽ നിന്നും ധോണി നിശ്ശബ്ദമായി പടിയിറങ്ങിപ്പോയി. ഒരിക്കലും ധോണി താരപ്രഭ ആഗ്രഹിച്ചില്ല, അത് ധോണിയെ തേടിച്ചെല്ലുകയായിരുന്നു. അതുകൊണ്ടാണ് ധോണി കളിക്കളത്തിലെ സൂഫിയാവുന്നത്.