ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും റഫാല്‍ പോര്‍വിമാനങ്ങളില്‍ വാങ്ങിയ ഇടപാടില്‍ അഴിമതി നടന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി)യുടെ പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട റിപോര്‍ട്ടില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശവുമില്ലെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയുടെ ഖജനാവില്‍ നിന്ന് പണം മോഷ്ടിക്കപ്പെട്ടുവെന്നു മാത്രമാണ് അദ്ദേഹം വിമര്‍ശിച്ചത്. 'സത്യം ഓന്നാണ്, മാര്‍ഗങ്ങള്‍ പലതുണ്ട്' എന്ന ഗാന്ധി വചനവും രാഹുലിന്റെ ട്വീറ്റിലുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച രാഹുലിന്റെ മോഡി സര്‍ക്കാരിനെതിരായ ഉന്നയിച്ച പ്രധാന വിഷയമായിരുന്നു റഫാല്‍ അഴിമതി. തിരഞ്ഞെടുപ്പിനു ശേഷം റഫാല്‍ ആരോപണങ്ങള്‍ കെട്ടടങ്ങുകയും ചെയ്തിരുന്നു.
രാഹുലിന്റെ ട്വീറ്റിനെതിരെ ബിജെപി നേതാവും റെയില്‍വെ മന്ത്രിയുമായ പിയൂഷ് ഗോയല്‍ പരിഹാസവുമായി രംഗത്തെത്തി. 2024 തെരഞ്ഞെടുപ്പിലും റഫാല്‍ വിഷയം ഉയര്‍ത്തിക്കാട്ടി മത്സരിക്കാന്‍ ക്ഷണിക്കുന്നുവെന്നായിരുന്നു ഗോയലിന്റെ മറുട്വീറ്റ്. പിതാവിന്റെ പാപം മായ്ക്കാന്‍ റഫാലിനെ രാഹുല്‍ വിടാതെ പിന്തുരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസിലെ പലരും സ്വകാര്യമായി പറയാറുണ്ടെന്നും ഗോയല്‍ പറഞ്ഞു.