ന്യൂദൽഹി- കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം. വിദേശവിനിമയ ചട്ടം ലംഘിച്ച് സംഭാവന സ്വീകരിച്ചതിനാണ് അന്വേഷണം. കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് ധനകാര്യമന്ത്രാലയം അന്വേഷിക്കുന്നത്. യു.എ.ഇ കോൺസുലേറ്റിൽനിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. കോൺസുൽ ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാൽ ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്. നിയമനിർമാണ സഭാംഗങ്ങൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാൽ ഇത് ജലീൽ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവ് ലഭിക്കും.