ന്യൂദല്‍ഹി- വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് ഷെന്‍ഗന്‍ രാജ്യങ്ങള്‍ പുനരാരംഭിച്ചു. 26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെന്‍ഗന്‍ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നത്. കോവിഡ് വ്യാപനസാഹചര്യത്തില്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് അഞ്ചുമാസമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു . ഇതോടെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല കോഴ്‌സുകള്‍ക്കും ഹ്രസ്വകാല താമസത്തിനുമായി വിസയ്ക്ക് അപേക്ഷിക്കാം. വിസ സേവനങ്ങള്‍ പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയിലെ വിസ സെന്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വര്‍ഷംതോറും മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഇതില്‍ 45 ശതമാനം വിദ്യാര്‍ഥികളും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സാധാരണയായി 1530 ദിവസത്തിനുള്ളിലാണ് ഷെന്‍ഗന്‍ വിസ ലഭിക്കാറുള്ളത്.കോവിഡ് സാഹചര്യത്തില്‍ വിസ സെന്ററുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ വിസ ലഭിക്കാന്‍ 30-40 ദിവസം വരെ സമയമെടുത്തേക്കും.