ബെയ്ജിങ്- തുടര്‍ച്ചയായി 13 ദിവസം പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ചൈനീസ് തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന അധികൃതര്‍ ഒഴിവാക്കി. നേരത്തെ ഏപ്രിലിലും പൊതുജനങ്ങള്‍ക്ക് പുറത്തിങ്ങുമ്പോള്‍ മാസ്‌ക് ഒഴിവാക്കാമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം നടന്നതോടെ ജൂണില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും നിര്‍ബന്ധം മാറ്റിയെങ്കിലും വലിയൊരു ശതമാനം ആളുകളും വെള്ളിയാഴ്ച പുറത്തിറങ്ങിയപ്പോഴും മാസ്‌ക് ധരിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷ മുന്‍ നിര്‍ത്തി ധരിക്കുന്നവരും സാമൂഹിക സമ്മര്‍ദ്ദം കാരണം മാസ്‌ക് ധരിക്കുന്നവരും ഉണ്ട്.
ഇതു രണ്ടാം തവണയാണ് ബെയ്ജിങ് അധികൃതര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. കടുത്ത ലോക്ഡൗണിനു ശേഷം നഗരം ഇപ്പോള്‍ വലിയൊരളവില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചൈനയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും രാജ്യത്തിനകത്തുള്ള സമ്പര്‍ക്കം വഴി കോവിഡ് ബാധ റിപോര്‍ട്ട് ചെയ്തില്ല. ബെയ്ജിങിലും സിന്‍ജിയാങിലും കോവിഡ് വ്യാപനം കാര്യക്ഷമമായി തടയാന്‍ അധികൃതര്‍ക്കു കഴിഞ്ഞു. കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, നിര്‍ബന്ധ മാസ്‌ക ധാരണം, ഹോം ക്വാറന്റീന്‍, നിര്‍ബന്ധ ടെസ്റ്റ് നടത്തല്‍ തുടങ്ങിയ നടപടികളാണ് ചൈനയുടെ കോവിഡ് പ്രതിരോധത്തിന്റെ വിജയമെന്ന് വിദഗ്ധര്‍ പറയുന്നു.