ന്യൂദല്‍ഹി- റഷ്യ നിര്‍മിച്ച കോവിഡ്19 പ്രതിരോധമരുന്നായ സ്പുട്‌നിക് ഫൈവ് ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ത്യയുടെ പങ്കാളിത്തം തേടുന്നതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്) മേധാവി കിരില്‍ ദ്മിത്രിയേവ്. റഷ്യയിലെ ഗമലേയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജി ആര്‍ഡിഐഎഫുമായി ചേര്‍ന്നാണ് ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഈ വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെയാണ് നിര്‍മിച്ചിട്ടുള്ളത്.
ഈ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ദ്മിത്രിയേവ് പറഞ്ഞു. വാക്‌സിന്‍ ഉല്‍പ്പാദനം പ്രധാന വിഷയമാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയുമായി ഒരു പങ്കാളിത്തത്തിനായി ശ്രമിക്കുകയാണ്. ഗാമലേയ വികസിപ്പിച്ച വാകസിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടെങ്കില്‍ ആവശ്യത്തിനസരിച്ചുള്ള ഉല്‍പ്പാദനത്തിന് വഴിയൊരുങ്ങും- ദ്മിത്രിയേവ് പറഞ്ഞു.
അവസാന ഘട്ട പരീക്ഷണങ്ങള്‍ (മനുഷ്യരില്‍ നേരിട്ടു നടത്തുന്ന ക്ലിനിക്കല്‍ ട്രയലുകള്‍) യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നടത്താനിരിക്കുകയാണ്. ബ്രസീലിലും ഇന്ത്യയിലും കഴിഞ്ഞേക്കും. അഞ്ചിലേറെ രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്നും വലിയ ഡിമാന്‍ഡാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.