ലണ്ടന്‍- കഴിഞ്ഞ വര്‍ഷം ഇന്ത്യ ബ്രിട്ടനു കൈമാറിയ കുറ്റവാളി, 36കാരനായ യുവാവിന് ലൈംഗിക പീഡനം, കൊലപാതകം അടക്കം വിവിധ കേസുകളില്‍ ജീവപര്യന്തം തടവ്. ഇന്ത്യക്കാരനായ അമന്‍ വ്യാസിനെയാണ് ലണ്ടനിലെ കോടതി ശിക്ഷിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷയായി ചുരുങ്ങിയത് 37 വര്‍ഷം ഇയാള്‍ തടവില്‍ കഴിയണമെന്ന് കോടതി വിധിച്ചു. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതി. മൂന്നു സ്ത്രീകളെ പീഡിപ്പിച്ച കേസിലും ഒരു കൊലപാതക കേസിലും ഉള്‍പ്പെട്ട ശേഷം ഇന്ത്യയിലേക്കു മുങ്ങിയതായിരുന്നു വ്യാസ്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ 11 വര്‍ഷം നീണ്ട നിയമ പേരാട്ടം നടത്തിയാണ് ഇയാളെ നിയമത്തിനു മുന്നിലെത്തിച്ചത്.
കഴിഞ്ഞ മാസമാണ് കോടതി അമന്‍ വ്യാസ് കുറ്റക്കാരനാണെന്ന് വിധിച്ചത്. വടക്കു കിഴക്കന്‍ ലണ്ടനിലെ വോള്‍തംസ്റ്റോവില്‍ 2009 മാര്‍ച്ചിലും മേയിലുമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത്. അന്നു പ്രതിക്ക് പ്രായം 24 ആയിരുന്നു. പുലര്‍കാലത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. അവസാന കുറ്റകൃത്യത്തില്‍ ഇര കൊല്ലപ്പെട്ടതോടെ ഇതേ ദിവസം തന്നെ ഇയാള്‍ ഇന്ത്യയിലേക്കു മുങ്ങുകയായിരുന്നു. ബ്രിട്ടനില്‍ പോലീസ് അന്വേഷണത്തില്‍ ഇയാള്‍ മുങ്ങിയതായി കണ്ടെത്തിയതോടെ ഇന്ത്യയില്‍ നിന്ന് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പ്രതി അമന്‍ വ്യാസ് ന്യൂസിലന്‍ഡിലും സിംഗപൂരിലുമായി കഴിയുകയാണെന്നു കണ്ടെത്തിയതോടെ കേസ് തണുത്തു. പിന്നീട് 2011ല്‍ ന്യുദല്‍ഹി എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്ന് ഇന്ത്യന്‍ അധികൃതരുടെ വിവരം ലഭിച്ചപ്പോഴാണ് ഇയാളെ കൈമാറിക്കിട്ടാനുള്ള നടപടികള്‍ ബ്രിട്ടന്‍ വേഗത്തിലാക്കിയത്. നടപടികള്‍ പൂര്‍ത്തിയാക്കി 2019 ഒക്ടോബറിലാണ് ഇന്ത്യ അമന്‍ വ്യാസിനെ ബ്രിട്ടനു കൈമാറിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ ചെയ്യുകയായിരുന്നു.