ബെംഗളൂരു- ഈ മാസം 11ന് ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ തീരുമാനമില്ലാതെ കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് ആരോപിച്ചിരുന്നു. സംഘടനക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മന്ത്രിസഭാ യോഗ ശേഷം നിയമ മന്ത്രി ജെസി മധുസ്വാമി പറഞ്ഞത് മറിച്ചാണ്. മന്ത്രിസഭാ യോഗത്തില്‍ എസ്ഡിപിഐ, ബെംഗളൂരു സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിയെ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മധുസ്വാമി മന്ത്രിസഭാ യോഗ ശേഷം പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തു. ഇനി ചര്‍ച്ച ആവശ്യമില്ല. അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മാണം ഇതുസംബന്ധിച്ച് നടത്തുമെന്നും മധുസ്വാമി പറഞ്ഞു.
ബെംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ നടപടി വേണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും നിമിത്തമായെന്നും ചില സൂചനകളുണ്ട്