Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച മുതൽ   ഇ-പെയ്‌മെന്റ് നിർബന്ധം

  • സംവിധാനങ്ങളൊരുക്കാൻ  ബാങ്കുകൾക്ക് സാമ നിർദേശം

റിയാദ് - ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്ക് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളോടും പെയ്‌മെന്റ് സർവീസ് കമ്പനികളോടും കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) നിർദേശിച്ചു. രാജ്യത്തെ മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഈ മാസം 25 മുതൽ ഇ-പെയ്‌മെന്റ് നിർബന്ധമാക്കും. ഈ പശ്ചാത്തലത്തിൽ ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് വലിയ തോതിൽ അപേക്ഷകൾ ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് ബാങ്കുകൾക്കും പെയ്‌മെന്റ് സർവീസ് കമ്പനികൾക്കും സാമ നിർദേശം നൽകിയിരിക്കുന്നത്. 


 മുഴുവൻ ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കും ഈ മാസം 25 മുതൽ ഇ-പെയ്‌മെന്റ് സംവിധാനം  നിർബന്ധമാക്കാൻ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം തീരുമാനിച്ചിട്ടുണ്ട്. മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 
ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരികൾക്കും അക്കൗണ്ടുകളും ഇ-വാലറ്റുകളും തുറക്കാനും ഇ-പെയ്‌മെന്റ് സംവിധാനം സ്ഥാപിക്കാനും സജ്ജീകരണങ്ങൾ നടത്തണമെന്് ബാങ്കുകൾക്കും പെയ്‌മെന്റ് സർവീസ് കമ്പനികൾക്കുമുള്ള നിർദേശത്തിൽ സാമ ആവശ്യപ്പെട്ടു. 


ബൂഫിയകളും റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അടക്കം ഒമ്പതു മേഖലകളിൽ കഴിഞ്ഞ മാസാവസാനം മുതൽ ഇ-പെയ്‌മെന്റ് നിർബന്ധമാക്കിയിരുന്നു. റസ്റ്റോറന്റുകൾ, നാടൻ കഫേകൾ, ബൂഫിയകൾ, ഭക്ഷ്യവസ്തുക്കൾ വഴിവാണിഭമായി വിൽപന നടത്തുന്ന വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന കമ്പനികൾ, ജ്യൂസ്-ഐസ്‌ക്രീം കടകൾ, സീഫുഡ് കടകൾ, ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നീ ഒമ്പതു മേഖലകൾക്കാണ് കഴിഞ്ഞ മാസം 28 മുതൽ ഓൺലൈൻ പെയ്‌മെന്റ്  നിർബന്ധമാക്കിയത്. 


ലേഡീസ് ബ്യൂട്ടി പാർലറുകൾ, ബഖാലകൾ, മിനിമാർക്കറ്റുകൾ, പെട്രോൾ ബങ്കുകൾ, കാർ വർക്ക് ഷോപ്പുകൾ-സ്‌പെയർപാർട്‌സ് കടകൾ-വാഹന അപ്‌ഹോൾസ്റ്ററി വർക്കുകൾ തുടങ്ങി കാർ റിപ്പയറുമായി ബന്ധപ്പെട്ട വർക്ക് ഷോപ്പുകൾ-സ്ഥാപനങ്ങൾ, ലോൺട്രികൾ, ബാർബർ ഷോപ്പുകൾ എന്നീ മേഖലകൾക്ക് നേരത്തെ ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ഇ-പെയ്‌മെന്റ് സംവിധാനം ലഭ്യമാക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ ഉപയോക്താക്കൾക്ക് പരാതികൾ നൽകാവുന്നതാണെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു. 
ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും പണമിടപാടുകൾ കുറക്കാനും ലക്ഷ്യമിട്ടാണ് ഇ-പെയ്‌മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നത്.
 

Latest News