Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സ്വന്തം വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് മെയ്ഡ് ഇന്‍ കേരള; ആലപ്പുഴക്കാരന്റെ കമ്പനിക്ക് ഒരു കോടി സമ്മാനം

ന്യൂദല്‍ഹി- വിദേശ കമ്പനികളുടെ വിഡിയോ കോണ്‍ഫറന്‍സിങ് അപ്ലിക്കേഷനുകള്‍ക്കു പകരമായി തദ്ദേശീയമായി ആപ്പ് വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സരത്തില്‍ മലയാളി സംരഭകന്റെ കമ്പനിക്ക് ഒന്നാം സ്ഥാനം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ചേര്‍ത്തല ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ജെന്‍സ്യ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മികച്ച വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് നിര്‍മിച്ച് ഒന്നാമതെത്തിയത്. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്‍ ആണ് ടെക്‌ജെന്‍സ്യ സ്ഥാപകന്‍.

ആപ്പ് വികസിപ്പിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയമാണ് വേണ്ടി മത്സരം സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളും വന്‍കിട കമ്പനികളുമടക്കം 2000ത്തോളം കമ്പനികള്‍ പങ്കെടുത്തു. വിവിധ തിരഞ്ഞെടുപ്പു പ്രക്രിയകള്‍ക്കു ശേഷം 12 കമ്പനികളെ തിരഞ്ഞെടുത്തു. ഉല്‍പ്പന്ന മാതൃകകള്‍ നിര്‍മിക്കുന്നതിന് ഈ കമ്പനികള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ നല്‍കി. ഇവയില്‍ നിന്ന് മൂന്ന് പ്രോട്ടോടൈപ്പുകളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലൊന്നായിരുന്നു ടെക്‌ജെന്‍സ്യ. ഇവര്‍ക്ക് 20 ലക്ഷം രൂപ വീതം ആപ്പ് വികസിപ്പിക്കുന്നതിനായി നല്‍കി. ഇതുപയോഗിച്ച് ടെക്‌ജെന്‍സ്യ നിര്‍മിച്ച മികച്ച വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പാണ് ഒന്നാം സ്ഥാനം നേടിയത്. ഒരു കോടി രൂപയുടെ സമ്മാനത്തുകയ്ക്കു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തേക്കുള്ള 10 ലക്ഷം രൂപയുടെ കരാറും ടെക്‌ജെന്‍സ്യയ്ക്കു ലഭിക്കും.

Latest News