ഗുരുദാസ്പൂർ- പഞ്ചാബിലെ ഗുരുദാസ്പൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗംഭീര ജയം. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസിന്റെ വിജയം 1,93,219 വോട്ടുകൾക്കാണ്. കോൺഗ്രസിന്റെ സുനിൽ ജാക്കറാണ് വിജയിച്ചത്.
ബിജെപി എംപിയും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,82,160 വോട്ടുകൾക്കായിരുന്നു ഖന്നയുടെ ജയം.ബിജെപി സ്ഥാനാർത്ഥി സ്വരൺ സലേറിയക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജാക്കറിനെ രംഗത്തിറക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. വേങ്ങരയിൽ വോട്ടെടുപ്പ് നടന്ന ഒക്ടോബർ 11ന് തന്നെയായിരുന്നു ഇവിടേയും വോട്ടെടുപ്പ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. 56 ശതമാനം പോളിംഗ്. 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെയായിരുന്നു പോളിംഗ്.
ആം ആദ്മി പാർട്ടിയും ഇവിടെ മത്സരത്തിനുണ്ടായിരുന്നു. കാൽലക്ഷം വോട്ടുകളാണ് ആം ആദ്മി സ്വന്തമാക്കിയത്. കേന്ദ്രസർക്കാറിനുള്ള മുന്നറിയിപ്പാണ് തന്റെ വിജയമെന്ന് സുനിൽ ജക്കാർ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സുനിൽ ജക്കാറിനെ അഭിനന്ദിച്ചു. ലോക്‌സഭ മുൻ സ്പീക്കർ ബൽറാം ജാക്കറിന്റെ മകനാണ് സുനിൽ ജാക്കർ.
മനോഹരമായ ദീപാവലി സമ്മാനമാണ്് കോൺഗ്രസിന് ലഭിച്ചതെന്ന് സംസ്ഥാന മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദു അഭിപ്രായപ്പെട്ടു. ചുവന്ന റിബ്ബണുകളിൽ പൊതിഞ്ഞ്, ഈ മനോഹരമായ സമ്മാനം ഞങ്ങളുടെ പാർട്ടി പ്രസിഡന്റാകാനിരിക്കുന്ന രാഹുൽ ഗാന്ധിക്ക് അയക്കുന്നുവെന്നായിരുന്നു സിദ്ദുവിന്റെ വാക്കുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,82,160 വോട്ടുകൾക്കായിരുന്നു ഖന്നയുടെ ജയം.ബിജെപി സ്ഥാനാർത്ഥി സ്വരൺ സലേറിയക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജാക്കറിനെ രംഗത്തിറക്കുകയായിരുന്നു.