പട്‌ന- ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച-സെക്യുലര്‍ (എച്എഎം-എസ്) മഹാ സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചു. ജെഡിയു, ബിജെപി മുന്നണിയായ എന്‍ഡിഎയിലേക്കു കൂടുമാറിയേക്കുമെന്നാണു സൂചന. മാഞ്ചിയുടെ എച്എഎം-എസ് ഒരു പക്ഷെ ജെഡിയുവില്‍ ലയിക്കുകയോ അല്ലെങ്കില്‍ സഖ്യമുണ്ടാക്കുകയോ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഭാവി നീക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചിയെ ചുമതലപ്പെടുത്തിയെന്ന് വക്താവ് ദാനിഷ് റിസ്‌വാന്‍ പറഞ്ഞു.
നേരത്തെ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു മാഞ്ചി ഈയിടെയായി സ്വരം മയപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാസഖ്യത്തോടൊപ്പമായിരുന്ന മാഞ്ചി സീറ്റു പങ്കിടല്‍ ചര്‍ച്ചയ്ക്കായി സമിതിയെ രൂപീകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിവിധ പാര്‍ട്ടികളുമായി സഖ്യ സാധ്യതകള്‍ പരിശോധിച്ചു വരികയായിരുന്നു മാഞ്ചി.
2015ല്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നാണ് മാഞ്ചിയും നിതീഷും ഇടഞ്ഞത്. തുടര്‍ന്ന് ജെഡിയു വിട്ട മാഞ്ചി എച്എഎം-എസ് രൂപീകരിക്കുകയായിരുന്നു. ബിഹാര്‍ നിയമസഭയില്‍ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്.