Sorry, you need to enable JavaScript to visit this website.

യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സുഹൃത്തിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തി

 

 

ന്യുദല്‍ഹി- ഒരാഴ്ച മുമ്പ് കാണാതായ ബാര്‍ ജീവനക്കാരനായ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സുഹൃത്തിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കണ്ടെത്തി. ദക്ഷിണ ദല്‍ഹിയിലെ സാകേതിലാണ് സംഭവം.

 

കൊല്ലപ്പെട്ട വിപിന്‍ ജോഷിയെ തിങ്കളാഴ്ച രാത്രി മുതലാണ് കാണാതായത്. വിപിന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ ബാദല്‍ മണ്ഡല്‍ ആണ് കൊലയാളിയെന്ന് സംശയിക്കപ്പെടുന്നു. ഇയാള്‍ സംഭവത്തിനു ശേഷ ഒളിവിലാണ്.  സാകേതിലെ ഒരു ബാറിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. തൊട്ടടുത്ത സൈദുലാജാബിലെ രണ്ട് വാടക വീടുകളിലാണ് ഇരുവവരും കഴിഞ്ഞിരുന്നത്. 

 

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇരുവരും ഒന്നിച്ചാണ് തിരിച്ചു പോയത്. പിന്നീട് മണ്ഡലിന്റെ വീട്ടില്‍ ഒത്തു കൂടി മദ്യപിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടി ലഭിക്കാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ജോഷിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചു. ഇതിനിടെ ബാദലിനെ കൂടി കാണാതായതും സംശയത്തിനിടയാക്കി. 

 

തൊട്ടടുത്ത വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് സൈദുലാജാബിലെ ജോഷിയുടെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഫ്രിഡ്ജില്‍നിന്ന് ജീര്‍ണിച്ച മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫ്രിഡ്ജ് പാതി തുറന്ന നിലയിലായിരുന്നു. 

 

കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്നു വ്യക്തമല്ല. കൊലയാളിയെന്ന് സംശയിക്കപ്പെടുന്ന ബാദലിനു വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. സംഭവ സ്ഥലത്തുനിന്നും രക്തം പുരണ്ട വസ്ത്രങ്ങളും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സമീപത്തെ വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

 

Latest News