ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിക്കും എതിരെ നടത്തിയ പ്രസ്താവന തിരുത്താൻ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ടു ദിവസത്തെ സാവകാശം അനുവദിച്ചു. കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരാഴ്ചക്കകമാണ് ഇക്കാര്യത്തിൽ ഉത്തരവ് പ്രഖ്യാപിച്ചത്. എന്നാൽ, മാപ്പ് പറയില്ലെന്നും ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു. ദയക്ക് വേണ്ടി അപേക്ഷിക്കുന്നില്ലെന്നും കോടതിയുടെ മഹാമനസ്‌കതക്കും ഔദാര്യത്തിനും വേണ്ടി കാത്തുനിൽക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ഉന്നതമായ സ്ഥാപനത്തെ കൂടുതൽ നന്നാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള ചെറിയ ഉദ്യമമാണ് ഞാൻ നടത്തിയത്. അത് എന്റെ ഉയർന്ന ഉത്തരവാദിത്വമാണ് എന്ന് കരുതുന്നു. കോടതിയലക്ഷ്യം ചെയ്തുവെന്ന കുറ്റം ചെയ്തുവെന്ന കണ്ടെത്തൽ വേദനയുണ്ടാക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു. ലക്ഷ്മണ രേഖ ആരും ലംഘിക്കരുത് എന്നായിരുന്നു സുപ്രീം കോടതി ജസ്റ്റിസ് അശോക് മിശ്ര വാദത്തിനിടെ പറഞ്ഞത്.