ന്യൂദൽഹി- കോടതിയലക്ഷ്യക്കേസിൽ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നൽകിയ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയലക്ഷ്യക്കുറ്റത്തിൽ പ്രശാന്ത് ഭൂഷനെതിരെ സുപ്രീം കോടതി ഉടൻ ശിക്ഷ വിധിക്കും. ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതിയെയും വിമർശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
പ്രശാന്ത് ഭൂഷണു നൽകേണ്ട ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് വാദം കേൾക്കുമെന്ന്, കേസിൽ വിധി പ്രസ്താവം നടത്തിക്കൊണ്ട് ജസ്റ്റിസ് ബിആർ ഗവായി നേരത്തെ വ്യക്തമാക്കിയിരുന്നു. പറഞ്ഞു. ജസ്റ്റിസ് ഗവായിയെക്കൂടാതെ ജസ്റ്റിസുമാരായ അരുൺ മിശ്ര, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
ദുഷ്ടലാക്കില്ലാതെ വിമർശനം ഉന്നയിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ കോടതിയിൽ വാദിച്ചത്. ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പോരായ്മയുണ്ടെന്ന വിമർശനം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.