ന്യൂദല്‍ഹി- പതിനായിരം അര്‍ധസൈനികരെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിന്ന് ഉടനടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സസിന്റെ (സിഎപിഎഫ്) വിന്യാസം പുനപ്പരിശോധിച്ച ശേഷം ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക ഭരണഘടനാവകാശവും എടുത്തു കളഞ്ഞതിനു പിന്നാലെ വിന്യസിക്കപ്പെട്ട കേന്ദ്ര സേനകളുടെ 100 കമ്പനികളെയാണ് പിന്‍വലിക്കുന്നത്. ഇവരോട് മാതൃയൂണിറ്റിലേക്കു തന്നെ തിരിച്ചു പോകാനാണ് നിര്‍ദേശം.
സിആര്‍പിഎഫിന്റെ 40 കമ്പനികളും സിഐഎസ്എഫിന്റേയും ബിഎസ്എഫിന്റേയും എസ്എസ്ബിയുടെ 20 കമ്പനികള്‍ വീതവുമാണ് പിന്‍വലിക്കപ്പെടുക. 100 ജവാന്‍മാര്‍ ഉള്‍പ്പെടുന്നാണ് ഒരു കമ്പനി. ഇവരെ ഈ ആഴ്ച തന്നെ പിന്‍വലിക്കും. മേയില്‍ ജമ്മു കശ്മീരില്‍ നിന്ന് മേയില്‍ കേന്ദ്ര സേനയുടെ 10 കമ്പനികളെ പിന്‍വലിച്ചിരുന്നു.
പുതിയ സേനാ പിന്മാറ്റത്തോടെ കശ്മീരില്‍ സിആര്‍പിഎഫിന്റെ ബലം 60 ബറ്റാലിയനുകള്‍ ആകും. 1000 ജവാന്‍മാര്‍ അടങ്ങുന്ന സേനാ യൂണിറ്റാണ് ബറ്റാലിയന്‍.