ഫേസ്ബുക്ക് വിവാദം: ശശി തരൂരിനെതിരെ ബിജെപിയുടെ അവകാശലംഘന പരാതി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു കാലത്തും ദല്‍ഹി കലാപ വേളയിലും ബിജെപി നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയാറാകാതിരുന്ന ഫേസ്ബുക്കിന്റെ നടപടിയെ ചോദ്യം ചെയ്ത പാര്‍ലമെന്റിന്റെ ഐടികാര്യ സ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെതിരെ ബിജെപി. ഈ പാലര്‍മെന്റ് സമിതിയില്‍ അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെ സമിതി ചെയര്‍മാനായ തരൂരിനെതിരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു അവകാശലംഘന പരാതി നല്‍കി. സിമിതിക്കു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് തരൂര്‍ കത്തെഴുതിയിരുന്നു. ഇങ്ങനെ കത്തയക്കുമ്പോള്‍ തരൂര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ മാന്യതയും ധാര്‍മികതയും അടിസ്ഥാന തത്വങ്ങളും ലംഘിച്ചെന്നും ദുബെ പരാതിപ്പെട്ടു. ഒരു ലോകസഭാംഗം എന്ന നിലയില്‍ മാത്രമല്ല സുപ്രധാന സമിതിയുടെ അധ്യക്ഷനെന്ന നിലയിലും തരൂര്‍ നടത്തിയത് അവകാശലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. തരൂരിനെതിരെ അവകാശലംഘന നടപടികള്‍ സ്വീകരിക്കണമെന്ന് സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയില്‍ സ്പീക്കര്‍ക്കു സ്വന്തമായി തീരുമാനമെടുക്കുകയോ അല്ലെങ്കില്‍ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാം.

ബിജെപിയെ വെട്ടിലാക്കിയ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടിനെ കുറിച്ച് പാര്‍ലമെന്റ് സമിതിക്ക് വിശദീകരണം നല്‍കാന്‍ നേരത്തെ ഇന്ത്യയിലെ ഫേസ്ബുക്ക് പ്രതിനിധികളോട് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ എന്തു കൊണ്ട് ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണം തടയല്‍ ചട്ടം അനുസരിച്ച് നടപടിയെടുത്തില്ല എന്നായിരുന്നു ചോദ്യം. 

ലോക്‌സഭാ സ്പീക്കറുടെയോ സെക്രട്ടറി ജനറലിന്റെയോ അനുമതിയില്ലാതെ തരൂര്‍ സ്വന്തം നിലയ്ക്ക് ഫേസ്ബുക്കിനോട് വിശദീകരണം തേടിയത് ചട്ടവിരുദ്ധമാണെന്ന് നേരത്തെ നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. എന്നാല്‍ വലിയ പൊതുതാല്‍പര്യമുള്ള ഇത്തരമൊരു വിഷയത്തില്‍ പാര്‍ലമെന്റ് സിമിതി ഇടപെടാന്‍ പാടില്ലെന്ന ദുബെയുടെ പ്രതികരണം അസാധരണമാണെന്നായിരുന്നു തരൂരിന്റെ മറുപടി.


 

Latest News