ന്യൂദൽഹി- കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും പാർട്ടിയുടെ അധ്യക്ഷപദവിയിലേക്ക് ഗാന്ധി കുടുംബത്തിന്റെ പുറത്തുനിന്നുള്ളയാൾ വരട്ടെ എന്നുമുള്ള പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായം ഒരു വർഷം മുമ്പുള്ളതാണെന്ന് കോൺഗ്രസ്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ പെട്ടെന്നുള്ള താൽപര്യം ബി.ജെ.പിയുടെ ആവശ്യമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രദീപ് ഛബ്ബാർ, ഹർഷ് ഷാ എന്നിവർ രചിച്ച ദ ബുക്ക് ഇന്ത്യ ടുമോറോ എന്ന പുസ്തകത്തിലാണ് പ്രിയങ്കയുടെ പരാമർശമുണ്ടായിരുന്നത്.
2019 ജൂലൈ ഒന്നിനുള്ള പ്രിയങ്കയുടെ അഭിപ്രായപ്രകടനത്തിലുള്ള മാധ്യമങ്ങളുടെ അമിതാവേശത്തെ അഭിനന്ദിക്കുന്നുവെന്നും ഇത് ബി.ജെ.പിയുടെ താൽപര്യമാണെന്നും കോൺഗ്രസ് വക്താവ് സുർജേവാല കുറ്റപ്പെടുത്തി.