ലഖ്‌നൗ- അയോധ്യയില്‍ 1992ല്‍ ഹിന്ദുത്വ തീവ്രവാദികള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ അവസാന ഘട്ടത്തിലേക്ക്. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമ ഭാരതി തുടങ്ങി കേസിലെ 32 പ്രതികളുടേയും മൊഴി രേഖപ്പെടുത്തല്‍ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. വെള്ളിയാഴ്ച്ചക്കകം രേഖാമൂലമുള്ള മറുപടി സമര്‍പ്പിക്കണമെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയോട് കോടതി ആവശ്യപ്പെട്ടു. സിബിഐ ചൊവ്വാഴ്ച സമര്‍പ്പിക്കേണ്ടതായിരുന്നു ഈ മറുപടി. എന്നാല്‍ രണ്ടു ദിവസം അധികമായി ചോദിച്ചതിനെ തുടര്‍ന്ന് കോടതി അനുവദിക്കുകയായിരുന്നുവെന്ന് പ്രതികളിലൊരാലായ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബഹ്‌റായിച് ജില്ലയിലെ കൈസര്‍ഗഞ്ച് എംപിയാണ് ബ്രിജ് ഭൂഷണ്‍.
ബാബരി മസ്ജിദ് തകര്‍ത്ത കേസ് വിചാരണ ആറു മാസത്തിനകവും പൂര്‍ത്തിയാക്കണമെന്നും ഒമ്പതു മാസത്തിനകം അന്തിമ വിധി പറയണെന്നും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞില്ല. 2020 ഏപ്രില്‍ 19ന് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ സമയം തേടി വിചാരണ കോടതി മേയ് ആറിന് സുപ്രീം കോടതിക്ക് കത്തെഴുതി. ഇതു പരിഗണിച്ചാണ് ഓഗസ്റ്റ് 31 വരെ സുപ്രീം കോടതി സമയം നീട്ടില്‍കിയത്. ഇതിനകം പ്രത്യേക വിചാരണ കോടതി കേസില്‍ വിധി പറയണമെന്നാണ് പരമോന്നത കോടതിയുടെ നിര്‍ദേശം.
അതേസമയം, കേസില്‍ വിധി പറയാന്‍ രണ്ടു മാസം കൂടി അധികമായി വേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട നിയമ രേഖകള്‍ ആയിരക്കണക്കിനു പേജുകള്‍ വരും. ഈ കേസിലെ നടപടികള്‍ ഡോക്യൂമെന്റ് ചെയ്യുക എന്നത് എളുപ്പമല്ല. സിബിഐ കോടതിക്ക് വിധി പറയാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നതെന്നും കേസിലെ പ്രതികളായ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും അഭിഭാഷകന്‍ കെ കെ മിശ്ര പറഞ്ഞു.
പള്ളി പൊളിച്ച കേസില്‍ ദിവസേന വിചാരണ നടത്തി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പള്ളി പൊളിച്ചത് കുറ്റകൃത്യമാണെന്നും അത് ഭരണഘടനയുടെ മതേതരത്വ ചട്ടക്കൂടിനെ പിടിച്ചുലച്ചുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പ്രതി എല്‍ കെ അഡ്വാനിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം നീക്കിയ 2001ലെ അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നു വ്യക്തമാക്കി അഡ്വാനിക്കെതിരെ വീണ്ടും ഗൂഢാലോചനാ കുറ്റം ചുമത്താനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.